| Thursday, 28th July 2022, 2:11 pm

സച്ചിനെ പേസ് ബോളും കൊണ്ട് ചൊറിയാന്‍ പോയ ഒരു ബൗളറുടെ കഥയുണ്ട്, അങ്ങേരിപ്പോള്‍ ബി.ജെ.പിയുടെ എം.എല്‍.എയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകക്രിക്കറ്റില്‍ തന്നെ പകരം വെക്കാനില്ലാത്ത പ്രതിഭാസങ്ങളില്‍ ഒരാളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളും റെക്കോഡുകളുമായി ക്രിക്കറ്റില്‍ അദ്ദേഹത്തിന് നേടാന്‍ സാധിക്കാത്തതായി ഒന്നും തന്നെയില്ല.

പേസ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ നേരിട്ടിരുന്ന സച്ചിന്‍ തന്നെയായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ സ്പിയര്‍ ഹെഡ്. സച്ചിന്റെ തല്ലുകൊള്ളാത്തവരായി ഒരു ബൗളറും തന്നെ അക്കാലത്തുണ്ടായിരുന്നില്ല.

വസീം അക്രം, വഖാര്‍ യൂനിസ്, ഷോയിബ് അക്തര്‍, ബ്രെറ്റ് ലീ, മഖായ എന്റ്റിനി തുടങ്ങിയ പേസ് ബൗളിങ്ങ് രാജാക്കന്‍മാരെല്ലാം തന്നെ സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞവരാണ്. കളിക്കളത്തില്‍ മാന്യനായിരുന്ന സച്ചിനെ ഒരിക്കല്‍പോലും സ്ലെഡ്ജ് ചെയ്യാന്‍ ഇവര്‍ ആരും തന്നെ മുതിര്‍ന്നിരുന്നില്ല. ചൊറിയാന്‍ പോയാല്‍ പഞ്ഞിക്കിടും എന്നതും സച്ചിനെ സ്ലെഡ്ജ് ചെയ്യാതിരിക്കാനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നു.

എന്നാല്‍ സച്ചിനെ സ്ലെഡ്ജ് ചെയ്ത് പണിവാങ്ങിക്കൂട്ടിയ ഒരു ഇന്ത്യന്‍ ബൗളറുണ്ട്. ഫാസ്റ്റ് ബൗളിങ് ലെജന്‍ഡുകളെ പോലും കൂളായി സ്‌ട്രെയ്റ്റ് ഡ്രൈവ് കളിക്കുന്ന സച്ചിനെ ചൊറിയാന്‍ പോയത് അശോക് ഡിണ്ഡയായിരുന്നു.

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ ദീപ് ദാസ് ഗുപ്തയാണ് ഈ സംഭവത്തെ കുറിച്ച് പറയുന്നത്. ദാസ് ഗുപ്തയ്ക്ക് തന്റെ ആദ്യ രഞ്ജി സീസണ്‍ കീഴില്‍ കളിക്കവെ, 2007 രഞ്ജി ട്രോഫിക്കിടെയായിരുന്നു ഡിണ്ഡ സച്ചിനെ സ്ലെഡ്ജ് ചെയ്യാനുള്ള ദുസ്സാഹസം കാണിച്ചത്.

മുംബൈയും ബംഗാളും തമ്മില്‍ നടന്ന മത്സരമായിരുന്നു അത്. ദാസ് ഗുപ്തയായിരുന്നു ബംഗാള്‍ നായകന്‍. കളിക്കുന്നതാവട്ടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സഹീര്‍ ഖാന്‍, രോഹിത് ശര്‍മ തുടങ്ങിയവര്‍ അണിനിരക്കുന്ന മുംബൈയോടും.

മത്സരത്തിന്റെ തുടക്കം തന്നെ മുംബൈയുടെ രണ്ട് വിക്കറ്റുകള്‍ വീണിരുന്നു. സച്ചിനാണ് പിന്നീട് ക്രീസിലെത്തിയത്, പന്തെറിയാനെത്തിയത് ഡിണ്ഡയും. താനെറിയുന്ന പന്ത് ബാറ്ററെ ബീറ്റ് ചെയ്താല്‍ അവരുടെ കണ്ണിലേക്ക് തുറിച്ചുനോക്കുന്ന ശീലം ഡിണ്ഡയ്ക്കുണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു.

‘അവനെറിയുന്ന പന്ത് ബാറ്ററെ ബീറ്റ് ചെയ്താല്‍ അവരുടെ കണ്ണിലേക്ക് തുറിച്ചുനോക്കി ഒരുതരം വെല്ലുവിളി നടത്തുന്ന ശീലം ഡിണ്ഡയ്ക്കുണ്ടായിരുന്നു. ഞാന്‍ അവനോട് നിര്‍ബന്ധപൂര്‍വം പറഞ്ഞിരുന്നു ഒരിക്കലും സച്ചിന്റെ മുമ്പില്‍ അങ്ങനെ ചെയ്യാനോ ഒന്നും പറയാനോ പാടില്ലെന്ന്.

എന്നാല്‍ ഇതൊന്നും അനുസരിക്കാന്‍ അവന്‍ ഒരുക്കമായിരുന്നില്ല.

ഡിണ്ഡ വന്ന് സച്ചിനെ തുറിച്ചുനോക്കാന്‍ തുടങ്ങി. ഇവന്‍ എന്താണ് ചെയ്തുകൂട്ടുന്നത് എന്ന ഭാവമായിരുന്നു എനിക്കപ്പോള്‍. ഞാന്‍ പെട്ടെന്ന് തന്നെ ഓടിവന്ന് അവന്റെ തോളില്‍ പിടിച്ച് പിന്നോട്ട് പോവാന്‍ ആവശ്യപ്പെട്ടു,’ ദാസ് ഗുപ്ത പറയുന്നു.

എന്നാല്‍ വാക്കാല്‍ ഒന്നും പറയാതിരുന്ന സച്ചിന്‍ ഡിണ്ഡയ്ക്കുള്ള മറുപടി കൊടുത്തത് ബാറ്റ് കൊണ്ടായിരുന്നു. 105 റണ്‍സായിരുന്നു സച്ചിന്‍ മത്സരത്തില്‍ നേടിയത്.

‘ആരോടാണ് എങ്ങനെയാണ് പെരുമാറുന്നത് എന്നുള്ള ബോധം നിങ്ങള്‍ക്ക് വേണം, കാരണം സച്ചിനെ പോലുള്ള താരങ്ങള്‍ക്ക് വേണ്ട വിധത്തില്‍ അതിനുള്ള ശിക്ഷ തരാന്‍ സാധിക്കും,’ ദാസ് ഗുപ്ത പറഞ്ഞു നിര്‍ത്തി.

ഇതിന് ശേഷം ക്രിക്കറ്റില്‍ സജീവമായിരുന്നെങ്കിലും ഇപ്പോള്‍ ക്രിക്കറ്റിനോട് തത്കാലം വിട പറഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയിരിക്കുകയാണ് ഡിണ്ഡ. നിലവില്‍ ബംഗാളിലെ ബി.ജെ.പിയുടെ എം.എല്‍.എ ആണ് അദ്ദേഹം.

Content Highlight: Former India player Deep Das Gupta on Ashok Dinda sledging Sachin Tendulkar

We use cookies to give you the best possible experience. Learn more