അച്ഛന്‍ ഇന്ത്യയുടെ ദേശീയ താരം, മകന്‍ ഇംഗ്ലണ്ടിന്റെ ദേശീയ താരം; ഇന്ത്യന്‍ പേസറുടെ മകന്‍ ഇനി ഇംഗ്ലണ്ടിനൊപ്പം
Sports News
അച്ഛന്‍ ഇന്ത്യയുടെ ദേശീയ താരം, മകന്‍ ഇംഗ്ലണ്ടിന്റെ ദേശീയ താരം; ഇന്ത്യന്‍ പേസറുടെ മകന്‍ ഇനി ഇംഗ്ലണ്ടിനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th August 2022, 8:13 pm

ഇംഗ്ലണ്ട് ക്രിക്കറ്റിലെ പുത്തന്‍ താരോദയത്തിന്റെ ടീം പ്രവേശനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ വംശജനായ ഹാരി സിങ്ങിന്റെ അണ്ടര്‍ 19 ടീം പ്രവേശനമാണ് ചര്‍ച്ചാ വിഷയം.

ഇത്രകണ്ട് ചര്‍ച്ച ചെയ്യാന്‍ ഈ വിഷയം എന്താണന്നല്ലേ, ഹാരിയുടെ അച്ഛന്‍ മുന്‍ ഇന്ത്യന്‍ താരമായിരുന്നു എന്നത് തന്നെയാണ് കൗതുകമുണര്‍ത്തുന്ന വിഷയം.

മുന്‍ ഇന്ത്യന്‍ പേസര്‍ രുദ്ര പ്രതാപ് സിങ് സീനിയറിന്റെ മകനാണ് ഹാരി സിങ്. ലഖ്‌നൗ സ്വദേശിയായ രുദ്ര പ്രതാപ് സിങ് 1986ലാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്.

ഹാരി സിങ്

ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ട് ഏകദിന മത്സരങ്ങളില്‍ മാത്രമായിരുന്നു താരം ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്.

ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാതെ വന്നതോടെ 1990കളില്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറിപ്പാര്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ ലങ്കാ ഷെയറിനും ഇംഗ്ലണ്ട് വേല്‍സ് ക്രിക്കറ്റ് ക്ലബ്ബിനും വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്.

‘ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന അണ്ടര്‍ 19 മത്സരത്തില്‍ ഇംഗ്ലണ്ട് ടീമിലേക്ക് ഹാരിയെ തെരഞ്ഞെടുത്തതായി ഞങ്ങളെ വിളിച്ചറിയിക്കുന്നത്,’ രുദ്ര പ്രതാപ് സിങ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

രുദ്ര പ്രതാപ് സിങ് സീനിയർ

‘ഇത് ഒരിക്കലും എളുപ്പമല്ല. മുന്നേറാന്‍ നിങ്ങള്‍ക്ക് ഭാഗ്യവും അതിനേക്കാളുപരി റണ്‍സും ആവശ്യമാണ്. തൊണ്ണൂറുകളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ പല താരങ്ങളേയും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലേക്കെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.

ഹാരി വളര്‍ന്നുവരുമ്പോള്‍ ഓരോ ക്രിക്കറ്ററും ചെയ്യേണ്ടിവരുന്ന ടെക്‌നിക്കല്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ അവന്‍ പാലിക്കേണ്ടതായി വരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിക്കുമ്പോള്‍ ദക്ഷിണേഷ്യന്‍ രാജ്യക്കാര്‍, പ്രത്യേകിച്ച് ഇന്ത്യന്‍ വംശജര്‍ നേരിടുന്ന വെല്ലുവിളികള്‍ കൃത്യമായി അറിയാവുന്നതിനാല്‍ ഹാരിക്ക് മുമ്പില്‍ വലിയ ടാസ്‌ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നിലവില്‍ ലങ്കാഷെയര്‍ ജൂനിയര്‍ ടീമിന്റെ ഓപ്പണിങ് ബാറ്ററാണ് ഹാരി സിങ്.

 

Content Highlight:   Former India pacer Rudra Pratap Singh senior’s son Harry Singh selected to represent England U19