ന്യൂദല്‍ഹി: പാകിസ്ഥാനെതിരായ ലോകകപ്പിലെ തോല്‍വിയില്‍ മുഹമ്മദ് ഷമിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
ഇന്ത്യക്ക് വേണ്ടി താനും ഇന്ത്യ- പാക് മത്സരത്തിന്റെ ഭാഗമായിരുന്നെന്നും അന്നും തോറ്റിട്ടുണ്ടെന്നും, അന്ന് തന്നോട് ആരും പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടല്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരു്ന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാന്‍ ഇന്ത്യ- പാക് പോരാട്ടത്തില്‍ കളിച്ചിട്ടുണ്ട്. തോറ്റ മത്സരങ്ങളുടെ ഭാഗവുമായിരുന്നു, പക്ഷേ അന്ന് എന്നോട് പാകിസ്ഥാനിലേക്ക് പോകാന്‍ ഒരിക്കലും ആരും പറഞ്ഞിട്ടില്ല. ഞാന്‍ സംസാരിക്കുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം നിര്‍ത്തേണ്ടതുണ്ട്,’ പത്താന്‍ ട്വീറ്റ് ചെയ്തു
അതേസമയം, ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തിയാണ് ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്.
പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം. പാകിസ്ഥാനോടുള്ള കൂറുള്ള ഇന്ത്യന്‍ മുസ്ലിം എന്നാണ് മറ്റൊരാളുടെ ട്വീറ്റ്.
‘നിങ്ങളുടെ സമുദായത്തെ ജയിപ്പിക്കാന്‍ എത്രം പണം കൈപറ്റി?: എന്നാണ് മറ്റൊരു ട്വീറ്റ്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.
18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഷമിയ്ക്കെതിരായ ആക്രമണം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഒരുവശത്ത് ഉറച്ചുനിന്ന കോഹ്ലിയാണ് പൊരുതാവുന്ന സ്‌കോര്‍ ടീമിന് സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ വിജയത്തിലെത്തുകയായിരുന്നു.
CONTENT HIGHLIGHTS: Former India crcketer Irfan Pathan reacts to cyber attack on Mohammad Shami in World Cup defeat to Pakistan