ഉക്രൈനില്‍ യുദ്ധമുണ്ടായാല്‍ കുറഞ്ഞത് 50 ലക്ഷം അഭയാര്‍ത്ഥികളെങ്കിലും യൂറോപ്പിലെത്തും; അമേരിക്കയുടെ ഇടപെടല്‍ യു.എസ് കോണ്‍ഗ്രസ് പോലും അംഗീകരിക്കില്ല: എം.കെ. ഭദ്രകുമാര്‍
അമേരിക്കയുടെയടക്കം മുന്നറിയിപ്പുകളുണ്ടായിരുന്നിട്ടും ഉക്രൈനിലേക്കുള്ള സൈനികനീക്കം റഷ്യ ശക്തമാക്കുന്നതിന്റെ വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. റഷ്യന്‍ സൈനിക ടാങ്കറുകള്‍ ഉക്രൈന്‍ അതിര്‍ത്തി കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇതില്‍ പ്രകോപിതരായി റഷ്യക്കെതിരെ കടുത്ത ഉപരോധമടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം റഷ്യ ഉക്രൈനുമായി യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍ പോലും അതില്‍ ഇടപെടുക എന്നത് അമേരിക്കക്ക് എളുപ്പമല്ല എന്നാണ് മുന്‍ അംബാസഡര്‍ എം.കെ. ഭദ്രകുമാര്‍ പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഉക്രൈന്‍ വിഷയത്തില്‍ എന്താണ് നമ്മുടെ രാജ്യത്തിന് താല്‍പര്യം, എന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരുടെ ഇടയില്‍ നിന്നും ഉയരുന്ന ചോദ്യം. ഉക്രൈനെ ചുറ്റിപ്പറ്റിയുള്ള യുദ്ധത്തില്‍ അമേരിക്ക കടന്നുകൂടുന്നതിനെ അവിടത്തെ ആളുകള്‍ അംഗീകരിക്കില്ല.
അത് യു.എസ് കോണ്‍ഗ്രസ് പോലും അനുവദിക്കില്ല, പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനിലെ അനുഭവം കഴിഞ്ഞതിന്റെ സാഹചര്യത്തില്‍.
യുദ്ധമുണ്ടാകരുത്, അതേസമയം റഷ്യയുമായ നല്ല ബന്ധം തുടരുക എന്നതാണ് യൂറോപ്പിന്റെ താല്‍പര്യം. കാരണം യുദ്ധമുണ്ടായാല്‍ കുറഞ്ഞത് 50 ലക്ഷം അഭയാര്‍ത്ഥികളെങ്കിലും ഉക്രൈനില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യും എന്നാണ് കണക്കുകൂട്ടുന്നത്.
കൊവിഡില്‍ നിന്നും അതിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും യൂറോപ്പ് കരകയറി വരുന്ന ഇന്നത്തെ ഈ സാഹചര്യത്തില്‍, 50 ലക്ഷം അഭയാര്‍ത്ഥികള്‍ കൂടി വരിക എന്നുള്ളത് അവരുടെ എക്കണോമിക് റിക്കവറിയെ ബാധിക്കും,” എം.കെ. ഭദ്രകുമാര്‍ പറഞ്ഞു.
ഏതാണ്ട് 30 വര്‍ഷത്തോളം ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ സേവനമനുഷ്ടിച്ചിട്ടുള്ള എം.കെ. ഭദ്രകുമാര്‍ തുര്‍ക്കി ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, ഫ്രാന്‍സും ജര്‍മനിയുമടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുദ്ധത്തിലേക്ക് സാഹചര്യങ്ങള്‍ പോകാന്‍ അനുവദിക്കില്ല, എന്നായിരുന്നു ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് പറഞ്ഞിരുന്നത്.
ഇതിനിടെ ഉക്രൈന്റെ കിഴക്കന്‍ വിമത മേഖലയിലെ രണ്ട് പ്രവിശ്യകള്‍ക്ക് സ്വതന്ത്ര അംഗീകാരം നല്‍കിയ പുടിന്റെ നടപടി കഴിഞ്ഞദിവസം റഷ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഇതോടെ മേഖലയില്‍ യുദ്ധഭീതി ശക്തമായിട്ടുണ്ട്.
റഷ്യന്‍ വിമതരുടെ കീഴിലുള്ള ഡൊനെറ്റ്സ്‌ക് (Donetsk), ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്‌സ് (Luhansk people’s republics) എന്നീ പ്രവിശ്യകളെയാണ് പുടിന്‍ ‘സ്വതന്ത്രമായി’ പ്രഖ്യാപിച്ചത്. ഇതോടെ ഈ കിഴക്കന്‍ പ്രദേശങ്ങളിലൂടെ ഉക്രൈനിലേക്കുള്ള സൈനികനീക്കം ശക്തമാക്കാന്‍ റഷ്യക്ക് സാധിക്കും എന്നുള്ളതാണ് യുദ്ധഭീതി വര്‍ധിപ്പിക്കുന്നത്.
അതേസമയം ഉക്രൈനിലുള്ള ഇന്ത്യന്‍ സ്വദേശികളെ നാട്ടിലെത്തിക്കുന്നതിനായുള്ള ദൗത്യം തുടരുകയാണ്. എയര്‍ ഇന്ത്യയുടെ ദൗത്യത്തിലെ ആദ്യ വിമാനം കഴിഞ്ഞദിവസം പുറപ്പെട്ടിരുന്നു.
Content Highlight: Former India ambassador MK Bhadrakumar on Russian invasion of Ukraine and America