| Monday, 31st May 2021, 3:50 pm

ഈ വര്‍ഷത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നവര്‍ ഓരോ മാസത്തേയും വാക്സിനേഷന്‍ ടാര്‍ഗറ്റ് പുറത്തുവിടാത്തതെന്താണ്; കേന്ദ്ര സര്‍ക്കാരിനോട് കണ്ണന്‍ ഗോപിനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്ത് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമായി വാക്‌സിന്‍ നല്‍കുമെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഓരോ മാസവും സംസ്ഥാന, ജില്ല തിരിച്ചുള്ള വാക്‌സിനേഷന്‍ ടാര്‍ഗറ്റും അതുസംബന്ധിച്ച വിവരങ്ങളും പുറത്തുവിടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ്  ചെയ്ത് ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹന്റെ ചോദ്യം.

‘പ്രിയപ്പെട്ട പ്രധാനന്ത്രി നരേന്ദ്ര മോദി, ഈ വര്‍ഷാവസാനത്തോടെ രാജ്യത്ത് പൂര്‍ണമായും വാക്‌സിന്‍ നടത്തുമെന്നാണ് നിങ്ങളുടെ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഓരോ മാസവും സംസ്ഥാന, ജില്ല തിരിച്ചുള്ള വാക്‌സിനേഷന്‍ ടാര്‍ഗറ്റും അതിന് അനുസൃതമായി വാക്‌സിന്‍ ചെയ്തവരുടെ എണ്ണവും പുറത്തുവിടാത്തത്. ഇത് ജനങ്ങളുടെ ജീവനെ അപകടത്തിലാക്കുന്ന കാര്യമാണ്. അറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്,’ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, വാക്സിന്‍ നയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്തത്തി. സംസ്ഥാനങ്ങളെ തമ്മില്‍ മത്സരിപ്പിക്കുന്നതാണോ കേന്ദ്രത്തിന്റെ വാക്സിന്‍ നയമെന്നും കോടതി ചോദിച്ചു.

കൊവിഡ് വാക്സിന്‍ സംബന്ധിച്ച ദേശീയ നയം സമര്‍പ്പിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

18 വയസ്സു കഴിഞ്ഞവര്‍ക്ക് എന്തുകൊണ്ടാണ് വാക്സിന്‍ നല്‍കാത്തതെന്നും എന്തിനാണ് പ്രായത്തിന്റെ കണക്ക് വെച്ച് വാക്സിന്‍ നല്‍കുന്നതെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍, വാക്സിന്‍, അവശ്യമരുന്നുകള്‍ എന്നിവ നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു.

‘സംസ്ഥാനങ്ങള്‍ വാക്സിന്‍ വാങ്ങുന്നതിനായി ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്. ഇതാണോ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം? സംസ്ഥാനങ്ങള്‍ തമ്മില്‍ ഒരു മത്സരത്തിനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?,’ കോടതി ചോദിച്ചു.

അതേസമയം, ഉയര്‍ന്ന വിലക്ക് വാക്സിന്‍ കൂട്ടത്തോടെ വാങ്ങാന്‍ സ്വകാര്യസ്ഥാപനങ്ങളെ അനുവദിക്കുന്ന കേന്ദ്ര നയം രാജ്യത്ത് വാക്സിന്‍ അസമത്വം രൂക്ഷമാക്കിരിക്കുകയാണ്.

വാക്സിന്‍ നേരിട്ട് സംഭരിക്കാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ക്കും കമ്പനികള്‍ക്കും അവ ഇഷ്ടംപോലെ വാങ്ങാം എന്ന സ്ഥിതിയാണ്.

ജീവനക്കാര്‍ക്കും കുടുംബക്കാര്‍ക്കും അടക്കം 13 ലക്ഷം പേര്‍ക്ക് റിലയന്‍സ് സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു വന്‍കിട സ്ഥാപനങ്ങളും സമാന നീക്കത്തിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി


COMTENT HIGHLIGHTS :Former IAS officer Kannan Gopinathan questions the central government’s vaccine policy

We use cookies to give you the best possible experience. Learn more