ന്യൂദല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസില്‍ ഹൈക്കോടതി ജഡ്ജി അറസ്റ്റില്‍. മുന്‍ ഒറീസ ഹൈക്കോടതി ജഡ്ജി ഇഷ്രാത് മസ്‌റൂര്‍ ഖുദ്ദുസിയെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കൊപ്പം അഴിമതിക്ക് കൂട്ടുനിന്നുവെന്ന് കണ്ടെത്തിയ സ്വകാര്യ മെഡിക്കല്‍ കോളേജ് ഉടമകളായ ബി.പി യാദവ്, പലാഷ് യാദവ് എന്നിവരെയും ഇടനിലക്കാരായ ബിശ്വന്ത് അഗര്‍വാള്‍, രാംദേവ് സരസ്വത് എന്നിവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തതിട്ടുണ്ട്. മസ്‌റൂര്‍ ഖുദ്ദുസിയെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ കേസെടുത്തിരുന്നത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ദല്‍ഹിയിലും ലക്‌നൗവിലുമായി എട്ടിടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ആവശ്യത്തിന് സൗകര്യമില്ലെന്നു പറഞ്ഞ് പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈ കോളേജിന് സുപ്രീംകോടതിയില്‍ നിന്ന് അംഗീകാരം വാങ്ങിത്താരാം എന്ന് പറഞ്ഞാണ് കോളേജ് ഉടമകളില്‍ നിന്ന് ഖുദ്ദുസി പണം വാങ്ങിയത്. ഇയാളുടെ താമസ സ്ഥലങ്ങളിലടക്കം പരിശോധന നടത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒരു കോടിയോളം രൂപ പിടിച്ചെടുത്തിട്ടുമുണ്ട്.