കോഴിക്കോട്: നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ട് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയെ ഓര്‍ത്തെടുത്ത് മുന്‍ ആരോഗ്യമന്ത്യ കെ.കെ ശൈലജ. സിസ്റ്റര്‍ ലിനിയുടെ മൂന്നാം ഓര്‍മ്മ ദിനമാണ് ഇന്ന്. ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും കെ.കെ ശൈലജ ഫേസ്ബുക്കിലെഴുതി.
‘ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം തീവ്രതയോടെ ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് . നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റര്‍ക്ക് രോഗം ബാധിക്കുന്നത്. താന്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍,’ കെ.കെ ശൈലജ പറഞ്ഞു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് 2018 മെയ് 21 ലിനി നിപ വൈറസ് ബാധിച്ച് രണപ്പെട്ടത്. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെയാണ് സംസ്‌കരിച്ചത്. മരണക്കിടക്കയിലിരിക്കെ വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിനെയുതിയ കത്ത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.
കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തില്‍ വൈറസ് ബാധിച്ച 18 പേരില്‍ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകര്‍ച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതല്‍ ആളുകളിലേക്ക് രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.
നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റര്‍ക്ക് രോഗം ബാധിക്കുന്നത്. താന്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍..
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLGHTS: Former Health Minister KK Shailaja remembers Sister Lini who fell ill and died while caring for those infected with the Nipah virus.