കൊച്ചി: സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ഇരട്ട ഭാരം ഉണ്ടാകുന്ന അവസ്ഥയാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സാമൂഹികവും സാമ്പത്തികവുമായി തുല്യത സ്ത്രീകള്‍ക്കുണ്ടാകണമെന്നും അവര്‍ പറഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു കെ.കെ. ശൈലജ.
വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കുടുംബത്തിനകത്താണ് സ്ത്രീയുടെ സ്ഥാനം എന്ന ചട്ടം അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്നും ശൈലജ പറഞ്ഞു.
‘സന്തോഷത്തോടെയും മനസമാധാനത്തോടെയും ജീവിക്കേണ്ട അവസ്ഥയുണ്ടാകുന്നതിനേയാണല്ലോ കുടുംബം. എന്നാല്‍ ഇന്നത്തെ കുടുംബങ്ങള്‍ മുതലാളിത്തത്തിന്റ സാമ്പത്തിക യൂണിറ്റായാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് നമ്മുടെ നിലവിലുള്ള സിസ്റ്റം.
അഞ്ച് മണിക്ക് ശേഷം കുടുംബത്തിനകത്താണ് സ്ത്രീയുടെ സ്ഥാനം എന്ന ചട്ടം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. അങ്ങനെ വരുമ്പോള്‍ സാമൂഹിക പ്രവര്‍ത്തനം പോലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്ത്രീകള്‍ക്ക് അതൊരു അധികഭാരമായി മാറുന്നു. അവര്‍ ഇരട്ട ചൂഷണം അനുഭവിക്കുകയാണ്. വീട്ടിലേയും സമൂഹത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ തുല്യമായി വീതിക്കപ്പെടണം; കെ.കെ. ശൈലജ പറഞ്ഞു.
നമ്മുടെ സമൂഹം പുരുഷാധിപത്യപരമായ സമൂഹമാണെന്നും നൂറ്റാണ്ടുകളായി സ്ത്രീകള്‍ അടിമത്തം പേറി ജീവിക്കുന്ന അവസ്ഥയുണ്ടെന്നും ശൈലജ പറഞ്ഞു.
‘എന്തുകൊണ്ട് സ്ത്രീകള്‍ രണ്ടാംതരമായി എന്നുള്ളതിന് കൃത്യമായ ഉത്തരമുണ്ട്. അത് ഏതെങ്കിലും തരത്തിലുള്ള ചരിത്രപരമായ അവശ്യകതയിരുന്നില്ല. എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ചില ആളുകള്‍ കയ്യൂക്കുള്ളവര്‍ കാര്യക്കാരാകുന്ന അവസ്ഥയും വര്‍ഗവിഭജനത്തിന്റെ ഒക്കെ ഭാഗമായിട്ടാണ് സമൂഹത്തില്‍ സ്ത്രീകള്‍ രണ്ടാം തരക്കാരാകുന്നത്.
നമ്മുടെ സവര്‍ണ സമുദായത്തിലും സ്ത്രീകള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. വിധവകളെ വളരെയധികം ക്രൂരമായി പീഡിപ്പിച്ചിട്ടുള്ള അവസ്ഥയാണുണ്ടായിരുന്നത്,’ കെ.കെ. ശൈലജ പറഞ്ഞു.
Content Highlight: Former health minister K.K. Shailaja Says It is a double burden for women who have to take social responsibility