കൊച്ചി: സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ഇരട്ട ഭാരം ഉണ്ടാകുന്ന അവസ്ഥയാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സാമൂഹികവും സാമ്പത്തികവുമായി തുല്യത സ്ത്രീകള്‍ക്കുണ്ടാകണമെന്നും അവര്‍ പറഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു കെ.കെ. ശൈലജ.
വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കുടുംബത്തിനകത്താണ് സ്ത്രീയുടെ സ്ഥാനം എന്ന ചട്ടം അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്നും ശൈലജ പറഞ്ഞു.
‘സന്തോഷത്തോടെയും മനസമാധാനത്തോടെയും ജീവിക്കേണ്ട അവസ്ഥയുണ്ടാകുന്നതിനേയാണല്ലോ കുടുംബം. എന്നാല്‍ ഇന്നത്തെ കുടുംബങ്ങള്‍ മുതലാളിത്തത്തിന്റ സാമ്പത്തിക യൂണിറ്റായാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് നമ്മുടെ നിലവിലുള്ള സിസ്റ്റം.
അഞ്ച് മണിക്ക് ശേഷം കുടുംബത്തിനകത്താണ് സ്ത്രീയുടെ സ്ഥാനം എന്ന ചട്ടം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. അങ്ങനെ വരുമ്പോള്‍ സാമൂഹിക പ്രവര്‍ത്തനം പോലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്ത്രീകള്‍ക്ക് അതൊരു അധികഭാരമായി മാറുന്നു. അവര്‍ ഇരട്ട ചൂഷണം അനുഭവിക്കുകയാണ്. വീട്ടിലേയും സമൂഹത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ തുല്യമായി വീതിക്കപ്പെടണം; കെ.കെ. ശൈലജ പറഞ്ഞു.