| Friday, 14th October 2022, 3:53 pm

കെ.കെ. ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ലോകായുക്തയുടെ അന്വേഷണത്തിന് ഉത്തരവ്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിലാണ് നടപടി.

പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ലോകയുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി കൊടുക്കണം.

450 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപക്കാണ് വാങ്ങിയതെന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹരജി സമര്‍പ്പിച്ചത്. കെ.എം.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് അടക്കമുള്ളവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

മഹിളാ അപ്പാരല്‍സ്, ക്യാരി വണ്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നായിരുന്നു നിപാ സമയത്ത് കേരളാ സര്‍ക്കാര്‍ പി.പി.ഇ കിറ്റുകള്‍ വാങ്ങിയിരുന്നത്. ഈ സ്ഥാപനങ്ങള്‍ 550 രൂപക്കാണ് കിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ അവരില്‍ നിന്ന് വാങ്ങാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള സാന്‍ ഫാര്‍മ എന്ന സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലക്ക് കിറ്റ് വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍ കൊവിഡ് തീവ്രമായ ഘട്ടത്തില്‍ ആവശ്യഘട്ടത്തില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിന് പ്രഥമപരിഗണ നല്‍കിയാണ് ഇങ്ങനെ വാങ്ങിയതെന്നതായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

CONTENT HIGHLIGHTS: Former Health Minister  Lokayukta’s inquiry ordered against  K.K. Shailaja

We use cookies to give you the best possible experience. Learn more