കര്‍ഷകര്‍ക്ക് നേരെയുള്ള വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കുറ്റസമ്മതവുമായി മുന്‍ ബി.ജെ.പി മന്ത്രി
national news
കര്‍ഷകര്‍ക്ക് നേരെയുള്ള വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കുറ്റസമ്മതവുമായി മുന്‍ ബി.ജെ.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 9:16 pm

ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി സമ്മതിച്ച് ഹരിയാന മുന്‍ ആഭ്യന്തര മന്ത്രി അനില്‍ വിജ്. അംബാലയിലെ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആണ് ബി.ജെ.പി മന്ത്രിയായിരുന്ന അനില്‍ വിജ് നിര്‍ദേശം നല്‍കിയത്. കുറ്റസമ്മതം നടത്തികൊണ്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തുവന്നത്.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍, നിങ്ങള്‍ എന്തുകൊണ്ടാണ് തങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കാനും കണ്ണീര്‍ വാതകം പ്രയോഗിക്കാനും ഉത്തരവിട്ടത് എന്ന് കര്‍ഷകര്‍ അനില്‍ വിജിനോട് ചോദിക്കുന്നുണ്ട്.

കര്‍ഷകരോടുള്ള മറുപടിയെന്നോണമാണ് കര്‍ഷകര്‍ക്ക് നേരെയുള്ള പൊലീസ് നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് താനാണെന്ന് അനില്‍ വിജ് സമ്മതിച്ചത്. ‘ഞാന്‍ അപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്നു. അന്നത്തെ അവസ്ഥ കണക്കിലെടുത്താണ് അത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഓടി പോകാന്‍ എനിക്ക് കഴിയില്ല. എല്ലാം ഞാന്‍ സമ്മതിക്കുന്നു, ഞാന്‍ ഇവിടെ തന്നെയുണ്ട്,’ എന്നാണ് അനില്‍ വിജ് പറഞ്ഞത്.

തുടര്‍ന്ന് മുന്‍ ആഭ്യന്തര മന്ത്രി കര്‍ഷകരോട് ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ അനില്‍ വിജിന്റെ വെളിപ്പെടുത്തല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

അംബാല മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബന്റോ കതാരിയയ്ക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് അനില്‍ വിജിനെ കര്‍ഷകര്‍ തടഞ്ഞുനിര്‍ത്തിയത്. മുന്‍ മന്ത്രിക്കെതിരെ കര്‍ഷകര്‍ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.

അനില്‍ വിജിന്റെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. എക്സിലൂടെയാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ പ്രതികരിച്ചത്.


‘ഇന്ന് കര്‍ഷകര്‍ മുന്‍ ഹരിയാന ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അനില്‍ വിജിനെ തടഞ്ഞുനിര്‍ത്തി. കര്‍ഷക പ്രതിഷേധത്തിനിടെ പൊലീസ് വെടിയുണ്ടകളും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചത് എന്തിനാണെന്ന് ചോദ്യം ചെയ്തു. തന്റെ സര്‍ക്കാരിന്റെ നടപടിയെ നിഷേധിക്കാനോ ന്യായീകരിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

വെടിയുതിര്‍ക്കാനുള്ള ഉത്തരവുകള്‍ വന്നത് മറ്റാരില്‍ നിന്നുമല്ല, നരേന്ദ്ര മോദിയില്‍ നിന്നാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. കര്‍ഷകരോടുള്ള മോദിയുടെ വെറുപ്പ് എല്ലാവര്‍ക്കും അറിയാം.

പ്രതിഷേധത്തില്‍ നൂറുകണക്കിന് കര്‍ഷകര്‍ കൊല്ലപ്പെടുന്നതിനെ കുറിച്ച് മോദിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്, അവര്‍ എനിക്കുവേണ്ടിയാണോ മരിച്ചത്,’ എന്നാണ് കോണ്‍ഗ്രസ് കുറിച്ചത്. സത്യപാല്‍ മാലിക്ക് ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Content Highlight: Former Haryana Home Minister Anil Vij admits that he had given orders to shoot at farmers