| Saturday, 5th October 2019, 2:08 pm

ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരിച്ചടി നേരിട്ട് വീണ്ടും കോണ്‍ഗ്രസ്. ഹരിയാന മുന്‍ പാര്‍ട്ടി മേധാവി അശോക് തന്‍വര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതാണ് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയത്.

പാര്‍ട്ടി പ്രവര്‍ത്തകരുമായി ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷവും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും നന്നായി അറിയാവുന്ന കാരണങ്ങളാലും താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണ് എന്നാണ് അശോക് തന്‍വാര്‍ പ്രതികരിച്ചത്. സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അസ്തിത്വപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് അതിന്റെ രാഷ്ട്രീയ എതിരാളികള്‍ കാരണമല്ലെന്നും മറിച്ച് ഗുരുതരമായ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ മൂലമാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ അശോക് തന്‍വര്‍ പറഞ്ഞത്.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുടെ പേരില്‍ അശോക് തന്‍വര്‍ കോണ്‍ഗ്രസിന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നും നേരത്തെ രാജിവച്ചിരുന്നു.

ഹരിയാനയില്‍ പാര്‍ട്ടി ‘ഹൂഡ കോണ്‍ഗ്രസ്’ ആയി മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തഴഞ്ഞാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്‌റ് നല്‍കിയതെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ വസതിക്ക് പുറത്ത് അശോക് തന്‍വാറും അനുനായികളും പ്രതിഷേധിച്ചിടുരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്നും അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

എ.സി മുറികളില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് സീറ്റ് നല്‍കിയതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ട്ടിയ്ക്കായി അധ്വാനിച്ചവരെ തഴഞ്ഞെന്നും അശോക് തന്‍വാര്‍ പറഞ്ഞിരുന്നു. 2014 മുതല്‍ പി.സി.സി അധ്യക്ഷനായിരുന്നു തന്‍വാറിനെ ഭൂപീന്ദര്‍ ഹൂഡെയുടെ സമ്മര്‍ദ്ദ ഫലമായാണ് സ്ഥാനത്ത് നിന്നും മാറ്റിയതെന്നായിരുന്നു ആരോപണം.

ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലം പുറത്തുവരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more