ഗുരുഗ്രാം: ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) മേധാവിയും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഗുരുഗ്രാമിൽവെച്ചായിരുന്നു മരണം. ഈ വർഷം ഒക്ടോബർ അഞ്ചിന് നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിനിടെയാണ് ഓം പ്രകാശ് ചൗട്ടാല അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
സിർസയിലെ ചൗട്ടാല ഗ്രാമത്തിലെ ഒരു പോളിങ് ബൂത്തിൽ അദ്ദേഹം വന്നിരുന്നു. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിൻ്റെ മകനായ ഓം പ്രകാശ് ചൗട്ടാല ഹരിയാനയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായാണ് സേവനമനുഷ്ഠിച്ചത്.
2022 മെയ് 27ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കോടതി 16 വർഷം പഴക്കമുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ ചൗട്ടാലയ്ക്ക് നാല് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ദൽഹിയിലെ തിഹാർ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുകാരനായി അദ്ദേഹം മാറുകയും ചെയ്തു. 2020ൽ അദ്ദേഹം ജയിൽ മോചിതനായി. ഓം പ്രകാശ് ചൗട്ടാലയുടെ ഭാര്യ സ്നേഹ ലത 2019 ഓഗസ്റ്റിൽ മരിച്ചു.
ഹരിയാനയിലെ സിർസയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ചൗട്ടാല ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് ചൗധരി ദേവി ലാൽ 1966ൽ ഹരിയാന രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നീട് അദ്ദേഹം സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായും ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു. ചൗട്ടാല സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് രാഷ്ട്രീയം തെരഞ്ഞെടുത്തു, പിതാവിൻ്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 1970ൽ ജനതാദൾ (പീപ്പിൾസ് പാർട്ടി) അംഗമായി ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ചൗട്ടാലയുടെ ആദ്യകാല രാഷ്ട്രീയ ജീവിതത്തിൽ പല വിവാദങ്ങളും ഉണ്ടായിരുന്നു. 1978ൽ രാജ്യത്തേക്ക് വൻതോതിൽ റിസ്റ്റ് വാച്ചുകൾ കൊണ്ടുവന്നതിന് ദൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചതാണ് ഒരു പ്രധാന സംഭവം.
ഹരിയാനയിലെ എല്ലനാബാദ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് അദ്ദേഹത്തിന്റെ മകൻ അഭയ് സിങ് ചൗട്ടാല, 2014 ഒക്ടോബർ മുതൽ 2019 മാർച്ച് വരെ അഭയ് സിങ് ഹരിയാന നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.
Content Highlight: Former Haryana CM Om Prakash Chautala passes away in Gurugram