കൊച്ചി: ഹരിതയുടെ മുന്‍ സംസ്ഥാന കമ്മറ്റിയിലുള്ളവര്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നല്‍കിയത് ഗൂഢാലോചനയാണെന്ന ലീഗ് സെക്രട്ടറി പി.എം.എ. സലാമിന്റെ പ്രസ്താവനയ്ക്ക് രൂക്ഷമറുപടിയുമായി മുന്‍ ഹരിത നേതാവ് ഹഫ്‌സ മോള്‍.
ഐ.എന്‍.എല്ലിലേക്ക് പോയി തിരിച്ചെത്തി ജനറല്‍ സെക്രട്ടറി സ്ഥാനം കിട്ടിയപ്പോഴാണ് പി.എം.എ. സലാമിന് പാര്‍ട്ടി അംഗീകരിക്കണം, പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടണമെന്നൊക്കെ തോന്നി തുടങ്ങിയത് ഹഫ്സ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു ഹഫ്‌സയുടെ പ്രതികരണം. ഒരു ഉപചാപക സംഘത്തിന്റെയും ഭാഗമായി നിന്ന് തലച്ചോറ് പണയം വെയ്ക്കാന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.
ലീഗില്‍ ഒരു ശുദ്ധികലാശം ആവശ്യമാണെന്നും നേതൃസ്ഥാനത്തേക്ക് വരാന്‍ മത്സരിക്കുന്ന ആളുകളാണ് ഇപ്പോള്‍ ലീഗിലെന്നും ഹഫ്സ പറഞ്ഞു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഹരിതയ്ക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഞങ്ങള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ഞങ്ങള്‍ സി.പി.ഐ.എമ്മുമായി സഖ്യധാരണയിലെത്തിയെന്നുമൊക്കെ അദ്ദേഹം പറയുകയുണ്ടായി.
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ അണികളെ നിരത്തിക്കൊണ്ട് പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിച്ച പി.എം.എ. സലാമാണ് ഇന്ന് ഹരിതയിലെ പെണ്‍കുട്ടികള്‍ ഉന്നയിച്ച പരാതിക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് പറയുന്നത്.
അദ്ദേഹം പ്രവര്‍ത്തിച്ചതുപോലെയൊന്നും സ്വാഭിമാനത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും ഹഫ്സ പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശേഷമാണ് അദ്ദേഹത്തിന്റെ ശബ്ദം ഉയരാന്‍ തുടങ്ങിയത്. ഇന്ന് അദ്ദേഹത്തിന് കൂറും കൂട്ടുമുണ്ട്. അതുകൊണ്ട് അദ്ദേഹം തൃപ്തനാണ്. എന്നാല്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ എന്തുമായിക്കൊള്ളട്ടെ എന്ന നിലപാട് ശരിയല്ല. സ്വത്വത്തിന് മുറിവേറ്റാല്‍ അത് മുറിവേറ്റതാണ്. പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാതിരുന്നതുകൊണ്ടാണ് പ്രതികരിച്ചതെന്നും ഹഫ്സ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് പാര്‍ട്ടിയിലെ നിലവിലെ ഉപചാപക സംഘങ്ങളില്‍ നിന്ന് പുറംതള്ളുന്നതോടെ തങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിക്കില്ലെന്നും അവര്‍ പറഞ്ഞു.
രാഷ്ട്രീയമായ എല്ലാ ഊര്‍ജത്തോടും കൂടി പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കും. ഇനിയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ശബ്ദമാകാന്‍ മുന്നിലുണ്ടാകും. എന്നാല്‍ ആരുടെയും മുന്നില്‍ നട്ടെല്ല് പണയംവെച്ച് നില്‍ക്കേണ്ടി വരുന്ന ഒരു നിലപാട് കൈക്കൊള്ളില്ലെന്നും അവര്‍ വ്യക്തമാക്കി.
സി.എച്ച്. മുഹമ്മദ് കോയ സഹിബ് തന്ന ഒരു ഉപദേശമുണ്ട്. ‘നിങ്ങള്‍ ആരാന്റെ വിറക് വെട്ടികളും വെള്ളം കോരികളുമാകരുത്’, അത് പാര്‍ട്ടിക്ക് പുറത്തുള്ളവരെ ഉപദേശിച്ചത് മാത്രമല്ലെന്നും പാര്‍ട്ടിക്കുള്ളിലുള്ളവരെ ഉദ്ദേശിച്ചുകൂടിയുള്ള ഉപദേശം കൂടിയായിരുന്നു അതെന്നും ഹഫ്‌സ പറഞ്ഞു.
ഇത് ഉള്‍ക്കൊണ്ടിട്ടുള്ള ആളുകള്‍ കൂടിയാണ് തങ്ങള്‍. അതുകൊണ്ട് തന്നെ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഹഫ്സ പറഞ്ഞു.
Former ‘Haritha’ leader Hafsa Mol criticizes League and PMA Salam