| Thursday, 11th July 2019, 1:01 pm

വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം: ബി.ജെ.പി മുന്‍ എം.പിക്ക് ജീവപര്യന്തം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്തിലെ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജേഠ്വയുടെ കൊലപാതകത്തില്‍ ബി.ജെ.പി മുന്‍ എം.പി ദിനു ബോഗ സോളങ്കിയ്ക്ക് ജീവപര്യന്തം തടവ്. ദിനു സോളങ്കിയ്ക്കു പുറമേ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റ് ആറുപേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. അഹമ്മദാബാദ് സി.ബി.ഐ കോടതിയുടേതാണ് വിധി.

അഹമ്മദാബാദ് ഡിറ്റെക്ഷന്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. ശിവ സോളങ്കി, ശൈലേഷ് പാണ്ഡ്യ, ബഹാദൂര്‍ സിന്‍ഹ് വദെര്‍, പാഞ്ചന്‍ ജി ദേശായി, സജ്ഞയ് ചൗഹാന്‍, ഉദാജി താക്കറെ എന്നിവരായിരുന്നു പ്രതികള്‍.

കേസന്വേഷണത്തില്‍ അഹമ്മദാബാദ് ഡിറ്റെക്ഷന്‍ ക്രൈം ബ്രാഞ്ച് സോളങ്കിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ഇതിനെതിരെ ജേഠ്വയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസില്‍ സാക്ഷികളെ ബി.ജെ.പി സ്വാധീനിക്കുന്നുവെന്ന് ആരോപണമുയരുകയും സാക്ഷികളില്‍ പലരും കൂറുമാറുകയും ചെയ്തതിന് പിന്നാലെയാണ് പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടത്.

കേസിന്റെ വിസ്താരത്തിനിടയില്‍ സാക്ഷികളായി ഉണ്ടായിരുന്ന 195 പേരില്‍ 105 പേരും പ്രതിഭാഗത്തിനനുകൂലമായി കൂറുമാറിയതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.

2013 ല്‍ സി.ബി.ഐ കേസ് ഏറ്റെടുത്തതോടെ സോളങ്കിയെ പ്രതിചേര്‍ക്കുകയായിരുന്നു. 2010 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് അമിത് ജേഠ്വ വെടിയേറ്റ് കൊല്ലപ്പെട്ടത്. ആ സമയത്ത് ജുനഗഡില്‍ നിന്നുള്ള എം.പിയായിരുന്നു സോളങ്കി. ഗിര്‍ വനത്തിലെ അനധികൃത ഖനനം പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ജേഠ്വ കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more