ബാലൺ ഡി ഓർ പുരസ്‌കാരത്തിനായി താൻ രേഖപ്പെടുത്തിയ വോട്ട് ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പോയെന്നും ഇരുവർക്കും വോട്ട് ചെയ്തിരുന്നില്ലെന്നും മുൻ ഗിനിയ ക്യാപ്റ്റൻ യുവനാൽ എഡ്‌ജോഗോ. 2013ൽ ബാലൺ ഡി ഓറിനായുള്ള വോട്ടിങ് നടക്കുമ്പോൾ ദിദിയർ ദ്രോഗ്ബക്കും ആന്ദ്രേസ് ഇനിയേസ്റ്റക്കുമായിരുന്നു തന്റെ വോട്ടെങ്കിലും അതെങ്ങനെയോ മെസിയുടേയും റൊണാൾഡോയുടേയും പേരിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.
അന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ വിജയത്തിലേക്ക് നയിച്ച താരമായിരുന്നു ദ്രോഗ്ബയെന്നും അതേസമയം ഇനിയേസ്റ്റ ബാഴ്‌സലോണയിലെ ഇതിഹാസമായി വാഴുന്ന കാലമായിരുന്നെന്നും എഡ്‌ജോഗോ പറഞ്ഞു. എന്നാൽ മെസിയും റോണോയും അവരുടെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗോൾ പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എഡ്‌ജോഗോ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
‘അന്ന് പറഞ്ഞത് ഞാൻ മെസിക്കും റൊണാൾഡോക്കുമാണ് വോട്ട് ചെയ്‌തത് എന്നാണ്. എന്നാൽ എന്റെ വോട്ട് ഇവർക്കാർക്കുമായിരുന്നില്ല. അതുകൊണ്ടാണ് എനിക്ക് ഇത്തരം അവാർഡുകളിലൊന്നും യാതൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത്. അന്ന് തൊട്ട് ഞാൻ മനസിലാക്കിയതാണ് ബാലൺ ഡി ഓറിനൊന്നും ഒരു മൂല്യവുമില്ലെന്ന്,’ എഡ്‌ജോഗോ പറഞ്ഞു. അതേസമയം, ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന 2022-23 സീസണിലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒക്ടോബർ 30നാണ് നൽകുക.