ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മറച്ചുവെക്കാനായി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് സത്യപാല്‍ മാലിക് നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് കാരണം ആഭ്യന്തര മന്ത്രാലയത്തിന്റെ നിരുത്തരവാദ സമീപനമാണെന്നും സൈനികരെ കൊണ്ട് പോകാന്‍ സി.ആര്‍.പി.എഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം നിരസിച്ചെന്നും അദ്ദേഹം തുറന്നുപറഞ്ഞു. രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രശ്‌നമുള്ളയാളല്ല നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. 300 കിലോ ആര്‍.ഡി.എക്‌സുമായി ഭീകരവാദി 15 ദിവസത്തോളം കശ്മീരില്‍ ചുറ്റിക്കറങ്ങിയിട്ടും ഒരു ഇന്റലിജന്‍സ് വിഭാഗത്തിനും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്. സി.ആര്‍.പി.എഫ് ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അശ്രദ്ധയാണ്.
അന്ന് ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങായിരുന്നു. സി.ആര്‍.പി.എഫ് തങ്ങളുടെ ജവാന്‍മാരെ കൊണ്ട് പോകാന്‍ എയര്‍ ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം അത് നിഷേധിച്ചു. ആക്രമണത്തിന് ശേഷം കോര്‍ബറ്റ് പാര്‍ക്കില്‍ മോദിയുമായി ഞാന്‍ അടിയന്തര മീറ്റിങ് നടത്തി. അവിടെ വെച്ച് അദ്ദേഹം എന്നോട് പുല്‍വാമയില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടു.
അന്ന് ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവായിരുന്ന അജിത് ഡോവലും മൗനം പാലിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. കുറ്റം പാകിസ്ഥാന്റെ മേല്‍ കെട്ടിവെച്ച് ജവാന്‍മാരുടെ മരണം വോട്ടാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്,’ സത്യപാല്‍ മാലിക് പറഞ്ഞു.
Content Highlight: former governor of Kashmir alleging modi on pulwama attack