'ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ് ക്രിസ്റ്റ്യാനോ'; വിവാദ പരാമര്‍ശവുമായി ജര്‍മന്‍ ഇതിഹാസം
Football
'ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ് ക്രിസ്റ്റ്യാനോ'; വിവാദ പരാമര്‍ശവുമായി ജര്‍മന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st December 2022, 10:10 am

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ ജര്‍മന്‍ ഇതിഹാസം ലോത്തര്‍ മത്തയോസ്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് ക്രിസ്റ്റ്യാനോ ആണെന്നാണ് മത്തയോസ് പറഞ്ഞത്.

അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ നേര്‍ വിപരീതമാണ് റൊണാള്‍ഡോയെന്നും മത്തയോസ് കൂട്ടിച്ചേര്‍ത്തു. ജര്‍മന്‍ മാധ്യമമായ ബില്‍ഡിന് (BILD) നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘തീര്‍ച്ചയായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഖത്തര്‍ ലോകകപ്പിലെ വലിയ ഫ്‌ളോപ്പ് തന്നെയാണ്. ലയണല്‍ മെസിയുടെ നേര്‍ വിപരീതമാണ് റൊണാള്‍ഡോ. ഈഗോ കാരണം അദ്ദേഹം സ്വയം നശിക്കുകയും ടീമിനെ നശിപ്പിക്കുകയും ചെയ്തു.

ശരിയാണ് റൊണാള്‍ഡോ ഒരിക്കല്‍ മികച്ച ഫുട്‌ബോളര്‍ ആയിരുന്നു, വേള്‍ഡ് ക്ലാസ് ഗോള്‍ വേട്ടക്കാരനുമായിരുന്നു. പക്ഷെ ഇപ്പോള്‍ അയാള്‍ അതിനെല്ലാം കോട്ടം വരുത്തി. എനിക്ക് തോന്നുന്നില്ല റൊണാള്‍ഡോക്ക് ഇനി ഏതെങ്കിലുമൊരു ക്ലബ്ബില്‍ ഇടം പിടിക്കാനാകുമെന്ന്. ഇടക്ക് അദ്ദേഹത്തോട് സഹതാപം തോന്നും,’ മത്തയോസ് പറഞ്ഞു.

ലോത്തര്‍ മത്തയോസ് പലപ്പോഴും താരങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വരാറുണ്ട്. തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കാറുമുണ്ട്. ഖത്തര്‍ ലോകകപ്പ് സമാപിച്ചതിന് ശേഷം അദ്ദേഹം റൊണാള്‍ഡോക്കെതിരെ രംഗത്ത് വരുകയായിരുന്നു.

അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നില്ല. ഒരു ഗോള്‍ മാത്രമാണ് താരത്തിന് നേടാനായത്. ഘാനക്കെതിരെ നടന്ന മത്സരത്തില്‍ പെനാല്‍ട്ടിയിലൂടെയാണ് റോണോ ഗോള്‍ നേടിയത്.

മൊറോക്കോയുമായി നടന്ന ഏറ്റുമുട്ടലില്‍ തോല്‍വി വഴങ്ങിയ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ പുറത്താവുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഇറക്കാതിരുന്നതും വിമര്‍ശമനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Content Highlights: Former German legend Lother Matthaus criticizes Cristiano Ronaldo