പുല്‍വാമ ഭീകരാക്രമണത്തന് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍; ഇന്റലിജന്‍സിന്റെ പരാജയമാണ് ജവാന്‍മാരുടെ ജീവനെടുത്തത്: മുന്‍ കരസേന മേധാവി
national news
പുല്‍വാമ ഭീകരാക്രമണത്തന് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍; ഇന്റലിജന്‍സിന്റെ പരാജയമാണ് ജവാന്‍മാരുടെ ജീവനെടുത്തത്: മുന്‍ കരസേന മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 2:55 pm

 

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാരിനെന്ന് മുന്‍ കരസേന മേധാവി ജനറല്‍ ശങ്കര്‍ റോയ് ചൗധരി. ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയാണ് ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദി ടെലഗ്രാഫ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ 18ാമത് കരസേന മേധാവിയായിരുന്ന ചൗധരിയുടെ പരാമര്‍ശം.

2019ലെ പുല്‍വാമ ആക്രമണത്തിന്റെ പ്രാഥമിക ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ നിര്‍ദേശം സ്വീകരിക്കുന്ന പ്രധാനമന്ത്രിയാണ് അതിനുത്തരവാദി. 100 ശതമാനവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ് പുല്‍വാമയില്‍ സംഭവിച്ചത്. 40 ജവാന്‍മാരാണ് അവിടെ കൊല്ലപ്പെട്ടത്.

സി.ആര്‍.പി.എഫ് ജവാന്‍മാര്‍ വ്യോമമാര്‍ഗം സഞ്ചരിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. 2500 സൈനികരെ വെച്ച് 78 വാഹനങ്ങളാണ് റോഡിലൂടെ യാത്ര ചെയ്തത്. അതും പാക് അതിര്‍ത്തിയോട് ചേര്‍ന്ന് യാത്ര ചെയ്യേണ്ടി വന്നത് അനുവദിക്കാന്‍ പാടില്ലായിരുന്നു. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയായി മാത്രമേ കണക്കാക്കാന്‍ സാധിക്കൂ,’ ചൗധരി പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കും പുല്‍വാമ ഭീകരാക്രമണത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. സി.ആര്‍.പി.എഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും അതിനാലാണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് വിഷയം നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്നോട് മിണ്ടാതിരിക്കാനാണ് മോദിയും അജിത് ഡോവലും പറഞ്ഞതെന്നും സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു.

കൂടാതെ ആര്‍.ഡി.എക്‌സ് നിറച്ച കാറുമായി ഭീകരന്‍ പത്ത് ദിവസത്തിന് മുകളില്‍ കാശ്മീരില്‍ കറങ്ങിയിട്ടും അയാളെ പിടികൂടാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. സൈനികരുടെ മരണത്തെ പാകിസ്ഥാന്റെ മേല്‍ കെട്ടിവെച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും മാലിക്ക് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മുന്‍ കരസേന മേധാവിയും രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Former  general accused against modi government pulwama attack