പി.എസ്.ജിയിലെ സൂപ്പർതാരമായ എംബാപ്പെയുടെ പെരുമാറ്റത്തെ കുറിച്ച് സഹതാരങ്ങളടക്കം പലരും പരാതിപ്പെടാറുണ്ട്. ഫുട്‌ബോൾ ലോകത്ത് പലപ്പോഴായി ചർച്ചയാക്കപ്പെട്ട കാര്യവുമാണത്. ഇപ്പോൾ താരത്തെ കുറിച്ച് രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ഫ്രഞ്ച് സ്‌ട്രൈക്കറായ ഇമ്മാനുവൽ പെറ്റിറ്റ്.
എംബാപ്പെ കളിയിൽ നിന്ന് വ്യതിചലിച്ച് ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളിലാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്നും അടുത്തിടെ അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് താനത് മനസിലാക്കുകയായിരുന്നെന്നും പെറ്റിറ്റ് ആരോപിച്ചു.
”എംബാപ്പെ ഇപ്പോൾ പേഴ്‌സണൽ കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അയാൾക്കിപ്പോൾ പിച്ചിനെ കുറിച്ചോ കളിയെ കുറിച്ചോ സംസാരിക്കേണ്ട. ഇങ്ങനെ പെരുമാറുന്നത് അയാൾക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെടുന്നില്ലെന്നും പറഞ്ഞാണ്. ജീവിതത്തിൽ ഇതൊക്കെ സർവ സാധാരണയാണെന്ന് അയാൾ ഇനിയും മനസിലാക്കുന്നില്ല. വളരണം, ബുദ്ധിയും വിവേകവും ഉണ്ടാകണം. നിങ്ങൾക്ക് ആരെങ്കിലും എന്തെങ്കിലും വാഗ്ദാനം നൽകി അത് പാലിക്കപ്പെടാതെ വരുമ്പോൾ ഇങ്ങനെയാണോ പെരുമാറേണ്ടത്? ഗ്രോ അപ്പ് എംബാപ്പെ, ഇതാണ് ജീവിതം,” അദ്ദേഹം വ്യക്തമാക്കി.
വ്യക്തി ജീവിത്തിൽ എംബാപ്പെ എത്രത്തോളം ശാന്തനാകുന്നോ അത്രമാത്രം ഇമ്പ്രൂവ്‌മെന്റ്‌സ് അയാൾക്ക് പിച്ചിൽ കൊണ്ടുവരാൻ സാധിക്കുമെന്നും അപ്പോൾ മാത്രമേ ടീം മേറ്റ്‌സുമായും മറ്റുള്ളവരുമായും രമ്യതയിലായിരിക്കാൻ അദ്ദേഹത്തിന് കഴിയൂ എന്നും പിറ്ററ്റ് കൂട്ടിച്ചേർത്തു.
”അയാൾ എല്ലായ്‌പ്പോഴും എല്ലാരെയും ശല്യം ചെയ്യുകയാണ്. എന്ത് കാര്യവും വ്യക്തിഗതമായി എടുക്കും. ക്ലബ്ബിനോട് യാതൊരു വിധ കൃതജ്ഞതയും ഉള്ളതായി തോന്നുന്നില്ല. ഒന്നുമില്ലെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നയാളല്ലേ. സ്ഥാപനത്തിനെക്കാൾ മുകളിലേക്ക് അയാൾക്കുയരണമെന്ന അതിമോഹമാണ്,” പെറ്റിറ്റ് ചൂണ്ടിക്കാട്ടി.
പി.എസ്.ജിയിലേക്ക് വരുമ്പോൾ എംബാപ്പെ ആദ്യം വലത് വശത്തായിരുന്നെന്നും പിന്നീട് ഇടത് വശത്തായെന്നും ഇപ്പോൾ ഒത്ത നടുവിലേക്കെത്തിയിട്ടും പി.എസ്.ജിയോട് കൂറ് കാണിക്കുന്നില്ലെന്നും ഫ്രഞ്ച് സ്‌ട്രൈക്കർ ആരോപിച്ചു.
”കളിക്കാരെക്കാൾ പ്രധാനം ക്ലബ്ബാണ്, ഇന്നത്തെ എംബാപ്പെയുടെ നിലപാട് ക്ലബ്ബിനോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണ്. സഹതാരങ്ങൾക്കും അയാൾ ഒരു വിലയും നൽകുന്നില്ല. അയാളുടെ വാക്കുകൾ കോച്ചിനെയും ടീമിലെ മറ്റ് താരങ്ങളെയും കൊള്ളിക്കുന്ന തരത്തിലാണ്,” പെറ്റിറ്റ് വ്യക്തമാക്കി.
Content Highlights: Former french striker criticizes Kylian Mbappe