പാരീസ്: ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ജാക്ക് ഷിറാക്ക് (86) അന്തരിച്ചു. രണ്ട് തവണ രാജ്യത്തിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും 18 വര്‍ഷം പാരീസിന്റെ മേയറുമായിരുന്ന ഭരണാധികാരിയാണ് ജാക്ക് ഷിറാക്ക്.
ഹോളോകോസ്റ്റ് വംശഹത്യയില്‍ ഫ്രാന്‍സിനുള്ള പങ്കിനെ കുറിച്ച് ആദ്യമായി തുറന്നു സമ്മതിക്കുകയും 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്ത ഭരണാധികാരിയാണ് ഷിറാക്ക്.
ഏറ്റവും മോശം പരിഹാരമാണ് യുദ്ധമെന്നും ദുരിതവും മരണങ്ങളും മാത്രം നല്‍കുന്ന യുദ്ധങ്ങള്‍ തോല്‍വിയുടെ തെളിവുകളാണെന്നും ഇറാഖ് യുദ്ധത്തിന്റെ ഒരാഴ്ച മുമ്പ് ജാക്ക് ഷിറാക്ക് പറഞ്ഞിരുന്നു. ഇറാഖ് യുദ്ധം ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷം കൊണ്ടു വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുഷ്-ബ്ലെയര്‍ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തെ എതിര്‍ത്തതിന്റെ പേരില്‍ വിവിധ കക്ഷികളില്‍ നിന്നും അദ്ദേഹത്തിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
പ്രസിഡന്റ് പദവിയുടെ കാലാവധി ഏഴ് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ചുരുക്കിയതും നിര്‍ബന്ധിത സൈനിക സേവനം നിര്‍ത്തലാക്കിയതും ജാക്ക് ഷിറാക്കിന്റെ കാലത്തായിരുന്നു.
പാരീസ് മേയറായ കാലത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഷിറാക്ക് രാജ്യത്ത് അഴിമതിക്കേസില്‍ വിചാരണ നേരിട്ട ആദ്യത്തെ മുന്‍ പ്രസിഡന്റാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2005ല്‍ പക്ഷാഘാതം സംഭവിച്ചതിന് ശേഷം ജാക്ക് ഷിറാക്കിന് അല്‍ഷിമേഴ്‌സ് സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഓര്‍മ്മയ്ക്ക് തകരാര്‍ സംഭവിച്ചിരുന്നു. ഓര്‍മ്മ തകരാറുള്ളത് കൊണ്ട് പൊതുവേദികളില്‍ ഇനി സംസാരിക്കാനെത്തില്ലെന്ന് 2014ല്‍ അദ്ദേഹത്തിന്റെ കുടുബം അറിയിച്ചിരുന്നു.