ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍സി വിഷയത്തില്‍ പ്രതികരിച്ച് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പാട്രിസ് എവ്‌റ. അന്റോണിയോ ഗ്രീസ്മാന് പകരം കിലിയന്‍ എംബാപ്പെയെ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമാണെന്നാണ് എവ്‌റ അഭിപ്രായപ്പെട്ടത്.
കിലിയന്‍ എംബാപ്പെ വളരെ ബുദ്ധിമാനായ കളിക്കാരനാണെന്നും കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ തീരുമാനത്തോട് താന്‍ യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രീസ്മാന്‍ ആളുകളോട് സംസാരിക്കാന്‍ അറിയില്ലെന്നും മാച്ചിന് മുമ്പ് അദ്ദേഹം സഹതാരങ്ങളോട് സംസാരിക്കില്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന് ഒരിക്കലും ഒരു നേതാവാകാന്‍ കഴിയില്ലെന്നും എവ്‌റ വ്യക്തമാക്കി.
‘എംബാപ്പെ തന്നെയാണ് ക്യാപ്റ്റനാകേണ്ട താരം. നിങ്ങള്‍ പറയുമായിരിക്കും ഗ്രീസ്മാന്‍ അല്ലേ കുറച്ചുകൂടി പ്രായമുള്ള, പരിചയമുള്ള കളിക്കാരന്‍ എന്ന്. എന്നാല്‍ കിലിയന്‍ എംബാപ്പെ ബുദ്ധിമാനായ പ്ലെയര്‍ ആണ്.
വ്യക്തിപരമായ അനുഭവത്തില്‍ പറയുകയാണെങ്കില്‍, ഗ്രീസ്മാന്‍ അധികം സംസാരിക്കില്ല. ഒരു മാച്ചിന് മുമ്പ് അദ്ദേഹം സഹതാരങ്ങളോട് ഇടപഴകാറില്ല. അതുകൊണ്ട് തന്നെ ഗ്രീസ്മാന് ഒരു ക്യാപ്റ്റനാകാന്‍ സാധിക്കില്ല. അതല്ലാതെ കരിയറിലെ അനുഭവം വെച്ചുകൊണ്ട് മാത്രം നിങ്ങള്‍ക്കവന് ക്യാപ്റ്റന്‍സി നല്‍കാം,’ എവ്‌റ പറഞ്ഞു.
അതേസമയം, ഹ്യൂഗോ ലോറിസിന്റെ വിരമിക്കലിന് ശേഷമാണ് എംബാപ്പെയെ ഫ്രാന്‍സിന്റെ ക്യാപ്റ്റനാക്കി നിയമിക്കാന്‍ ദെഷാംപ്സ് തീരുമാനിച്ചത്. ഫ്രഞ്ച് ദേശീയ ടീമിലെ സൂപ്പര്‍ താരമാണ് പി. എസ്.ജിയുടെ മുന്നേറ്റ നിര താരമായ കിലിയന്‍ എംബാപ്പെ.
യുവതാരത്തിന്റെ മികവിലാണ് ഫ്രാന്‍സ് 2018 ഫുട്ബോള്‍ ലോകകപ്പില്‍ മുത്തമിട്ടതും, 2022 ഫുട്ബോള്‍ ലോകകപ്പില്‍ റണ്ണേഴ്സ് അപ്പ് ആയതും.
ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്ത് ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും എംബാപ്പെയായിരുന്നു.
എന്നാല്‍ എംബാപ്പെയെ ദേശീയ ടീമിന്റെ ക്യാപ്റ്റനാക്കുന്നതില്‍ ഗ്രീസ്മാന് ഇഷ്ടക്കേടും പ്രയാസവുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിചയ സമ്പന്നതയും ദേശീയ ടീമിനുള്ളിലെ രീതികളുമായി കൂടുതല്‍ ഇടപഴകിയിട്ടുള്ള ആളെന്ന നിലയില്‍ തന്നെ ഒഴിവാക്കി എംബാപ്പെയെ ക്യാപ്റ്റനാക്കുന്നതിലാണ് ഗ്രീസ്മാന് വിയോജിപ്പുള്ളതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
117 മത്സരങ്ങളില്‍ നിന്നും 42 ഗോളുകളും 36 അസിസ്റ്റുകളുമാണ് ഗ്രീസ്മാന്റെ സമ്പാദ്യം. 66 മത്സരങ്ങളില്‍ നിന്നും 36 ഗോളുകളും 23 അസിസ്റ്റുകളുമാണ് എംബാപ്പെ സ്വന്തമാക്കിയിരിക്കുന്നത്.