| Wednesday, 1st March 2023, 8:38 am

ഇപ്പോഴെന്നല്ല, എപ്പോഴും എംബാപ്പെയെ വശീകരിക്കാന്‍ അവര്‍ക്ക് മാത്രമേ സാധിക്കൂ: ഫ്രഞ്ച് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് സെന്റെ ഷെര്‍മാങ്ങിന്റെ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ കിലിയന്‍ എംബാപ്പയെ പ്രലോഭിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കുക റയല്‍ മാഡ്രിഡിന് മാത്രമാണെന്ന് ഫ്രഞ്ച് ഇതിഹാസ താരം ഇമ്മാനുവല്‍ പെറ്റിറ്റ്. ഇപ്പോഴെന്നല്ല എപ്പോഴും റയലിന് മാത്രമേ അത് സാധിക്കുകയുള്ളൂവെന്നും ആഴ്‌സണല്‍ ഇപ്പോള്‍ എംബാപ്പെക്ക് പിന്നാലെ പോകരുതെന്നുമായിരുന്നു പെറ്റിറ്റ് പറഞ്ഞത്.

പ്രീമിയര്‍ ലീഗ് ഓഡ്‌സിലായിരുന്നു മുന്‍ ഗണ്ണേഴ്‌സ് താരം കൂടിയായ പെറ്റിറ്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആഴ്‌സണല്‍ ഇപ്പോള്‍ കിലിയന്‍ എംബാപ്പെയുടെ പിന്നാലെ പോകരുത്. ഇപ്പോള്‍, അല്ലെങ്കില്‍ എപ്പോഴും അവനെ വശീകരിക്കാന്‍ സാധിക്കുന്ന ഏക ക്ലബ്ബ്, അത് റയല്‍ മാഡ്രിഡാണ്,’ പെറ്റിറ്റ് പറഞ്ഞു.

2017ല്‍ ലോണിലാണ് എംബാപ്പെ മൊണാക്കോയില്‍ നിന്നും പാരീസ് വമ്പന്‍മാരുടെ കളിത്തട്ടകത്തിലേക്ക് പറിച്ചുനടപ്പെടുന്നത്. ആദ്യ സീസണ്‍ മുതല്‍ക്കുതന്നെ താരം ക്ലബ്ബിന്റെ ചാലകശക്തിയായി മാറുന്ന കാഴ്ചയായിരുന്നു ലീഗ് വണ്‍ കണ്ടത്. ഇതിന് പിന്നാലെ തൊട്ടടുത്ത വര്‍ഷം തന്നെ താരത്തെ പി.എസ്.ജി പെര്‍മെനന്റ് സൈനിങ് ചെയ്യുകയായിരുന്നു. 180 മില്യണ്‍ യൂറോയായിരുന്നു കരാര്‍ തുക.

തുടര്‍ന്നങ്ങോട്ടുള്ള ഓരോ മത്സരത്തിലും എംബാപ്പെ പി.എസ്.ജി നിരയില്‍ നിര്‍ണായകമായിരുന്നു. ടീമിനെ 12 കിരീടങ്ങള്‍ ചൂടിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്.

ഈ കാലയളവില്‍ തന്നെ എംബാപ്പെയെ ലോസ് ബ്ലാങ്കോസ് നോട്ടമിട്ടിരുന്നു. ടീമിന്റെ സ്വപ്‌ന സൈനിങ്ങുകളിലൊന്നായി എംബാപ്പെ മാറാന്‍ അധികം താമസിക്കേണ്ടി വന്നില്ല. താരത്തെ ടീമിലെത്തിക്കാന്‍ റയല്‍ പലകുറി ശ്രമിച്ചിട്ടും നടക്കാതെ പോവുകയായിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം എംബാപ്പെ പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കുകയായിരുന്നു. ക്ലബ്ബില്‍ പ്രത്യേക അധികാരമടക്കം വെച്ചുനീട്ടിയാണ് പി.എസ്.ജി താരത്തെ ടീമില്‍ നിലനിര്‍ത്തിയത്. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മെസിയും നെയ്മറും ആയുള്ള തര്‍ക്കങ്ങളും ഈഗോ ക്ലാഷുകളും ഡ്രസിങ് റൂമില്‍ മോശം അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പി.എസ്.ജിയില്‍ മൂവരും സൗഹൃദ അന്തരീക്ഷത്തിലേക്ക് വരികയും ടീം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.

അതേസമയം, താന്‍ ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ കളിക്കുകയാണെങ്കില്‍ ഏത് ടീമിനൊപ്പം ചേരാനാണ് താത്പര്യപ്പെടുന്നതെന്ന് എംബാപ്പെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറ്റാലിയന്‍ ജയന്റ്‌സായ എ.സി. മിലാനിനൊപ്പം കളിക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു എംബാപ്പെ പറഞ്ഞത്.

സീരി എയിലേക്ക് എന്നെങ്കിലും കളിക്കാന്‍ വരുമോ എന്നൊരു ആരാധകന്റെ ചോദ്യത്തിനോടാണ് തന്റെ എ.സി മിലാന്‍ സ്‌നേഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഗസെറ്റോ ഡെല്ലോ സ്പോര്‍ടിന് നല്‍കിയ അഭിമുഖത്തിലും താരം ഇക്കാര്യം പറഞ്ഞിരുന്നു.

തന്റെ വീടിനടുത്ത് എ.സി മിലാന്‍ ആരാധികയായ ഒരു ഇറ്റലിക്കാരി മുത്തശ്ശി ഉണ്ടായിരുന്നുവെന്നും അവരില്‍ നിന്നുമാണ് താന്‍ മിലാനെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും എംബാപ്പെ പറഞ്ഞു.

‘എന്റെ മിലാനുമായുള്ള ബന്ധം വളരെ സ്‌പെഷ്യലാണ്. കുട്ടിയായിരിക്കുമ്പോള്‍ എന്റെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഒരു ഇറ്റാലിക്കാരി മുത്തശ്ശിയുണ്ടായിരുന്നു. അവരും അവരുടെ കുടുംബവുമെല്ലാം മിലാന്‍ ആരാധകരാണ്. അത് കൊണ്ട് ഞാനും ഒരുപാട് മിലാന്‍ മത്സരങ്ങള്‍ കാണുകയും അവര്‍ക്ക് വേണ്ടി ആര്‍പ്പ് വിളിക്കുകയും ചെയ്തിട്ടുണ്ട്,’ എംബാപ്പെ പറഞ്ഞു.

Content Highlight: Former France player Emmanuel Petit says only club that can entice Mbappe is Real Madrid

We use cookies to give you the best possible experience. Learn more