Sports News
'വാസ്‌കോ എഞ്ചിന്‍' ഒ.കെ. സത്യന്‍ അന്തരിച്ചു
ജാഫര്‍ ഖാന്‍
2024 Jun 06, 06:47 am
Thursday, 6th June 2024, 12:17 pm

ഗോവയില്‍ നിന്നുള്ള വാസ്‌കോ ക്ലബ്ബ് ഇന്ത്യന്‍ ഫുട്‌ബോളില്‍ കിരീടങ്ങള്‍ വാരിക്കൂട്ടിയ 1960-70കളില്‍ ടീമിന്റെ എഞ്ചിന്‍ റൂമായിരുന്ന കണ്ണൂര്‍കാരന്‍ ഒ.കെ. സത്യന്‍ അന്തരിച്ചു. 1950 കളുടെ അവസാനം കണ്ണൂര്‍ ലക്കിസ്റ്റാറിലൂടെയാണ് സത്യന്‍ കളംപിടിക്കുന്നത്. ലക്കിസ്റ്റാര്‍ കേരള/കൊല്‍ക്കത്ത ക്ലബുകളുടെ നെഞ്ചിടിപ്പായിരുന്ന കാലത്ത് സത്യന്‍ ടീമിന്റെ മധ്യ/പ്രധിരോധ നിരകളില്‍ സജീവമായിരുന്നു.

കണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സത്യന്റെ ഭാഗ്യനക്ഷത്രം തെളിയുന്നത്. ലക്കിസ്റ്റാര്‍ ബോംബേ റോവേര്‍സ് കപ്പില്‍ കളിക്കുമ്പോഴും ഊട്ടി, തൂത്തുക്കുടി, കോയമ്പത്തൂര്‍, ചാക്കോള ടൂര്‍ണ്ണമെന്റുകളില്‍ രണ്ടാംസ്ഥാനം നേടുമ്പോഴും സത്യന്‍ ഗ്രൗണ്ടില്‍ നിറഞ്ഞാടി.

കൊളംബോ പെന്റാങ്കുലര്‍ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ നായകസ്ഥാനം അലങ്കരിച്ച സത്യന്‍ അഞ്ച് വര്‍ഷം കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. കേരളം ആദ്യമായി സെമിഫൈനല്‍ കളിച്ച 1962 കോഴിക്കോട് നാഷണലില്‍ സത്യന്റെ ഗോളാണ് ടീമിന് മൂന്നാം സ്ഥാനം നേടിത്തന്നത്.

1965ല്‍ ഗോവ സാല്‍ഗോക്കറിലേക്ക് കളംമാറ്റവും പിന്നീട് 1966 മുതല്‍ 1972 വരെ വാസ്‌കോ ഗോവയിനും സത്യന്‍ പന്ത് തട്ടി. സത്യനൊപ്പം ചാത്തുണ്ണി, അവീന്ദര്‍ സിങ്, ജോര്‍ജ് ആബ്രോസ്, റാഫേല്‍, ലാസര്‍, റോസ്മണ്ട്, ശിവരാജ് തുടങ്ങിയവരടങ്ങിയ നടത്തിയ പടയോട്ടം വാസ്‌കോ ക്ലബ് ചരിത്രത്തിന്റെ ഭാഗമായിരുന്നു. ചാക്കോള, നാഗ്ജി, മാമ്മന്‍ മാപ്പിള, കേരള ട്രോഫി, സ്റ്റഫോര്‍ഡ് കപ്പ് തുടങ്ങിയവയെല്ലാം വാസ്‌കോയുടെ ഷോക്കേസില്‍ എത്തി.

1968 മെര്‍ദേക്ക കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലേക്കും സത്യനെ വിളിച്ചിരുന്നു. 1972 ല്‍ ബൂട്ടൂരിയ സത്യന്‍ 1980 വരെ ജോലി ആവശ്യാര്‍ത്ഥം ഗോവയില്‍ തുടര്‍ന്നു. പിന്നീട് കണ്ണൂരിലേക്ക് മടങ്ങി ലക്കിസ്റ്റാറിന്റെ കോച്ചായി പ്രവര്‍ത്തിച്ചു. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സ്പിരിറ്റഡ് യൂത്ത്‌സിലേക്ക് മാറി.

ലളിത ഭാര്യയാണ്. മക്കള്‍: നിഷ, നീന, സലീഷ്, റീന.

 

Content Highlight: Former Football Player O.F. Sathyan passed away