| Monday, 6th November 2023, 2:31 pm

'അതെ, കോഹ്‌ലി സ്വാര്‍ത്ഥനാണ്; നൂറ് കോടി ജനങ്ങളുടെ സ്വപ്‌നം പിന്തുടരാന്‍ തക്ക സ്വാര്‍ത്ഥന്‍'

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്. ഏകദിന ലോകകപ്പില്‍ തന്റെ കരിയറിലെ 49ാം സെഞ്ച്വറി നേട്ടത്തിലേക്ക് വിരാട് എത്തിയിരുന്നു. പിന്നാലെയാണ് താരത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കോഹ്‌ലി സ്വാര്‍ത്ഥനാണെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നതെന്നുമായിരുന്നു വിമര്‍ശനം.

എന്നാല്‍ കോഹ്‌ലി സ്വാര്‍ത്ഥനാണെന്നും അത് നൂറ് കോടി ജനങ്ങളുടെ സ്വപ്‌നം പിന്തുടരുന്നതിലാണെന്നുമാണ് വെങ്കടേഷ് പ്രസാദ് പറഞ്ഞത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

‘വിരാട് കോഹ്‌ലി സ്വാര്‍ത്ഥനാണെന്നും സ്വന്തം നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നയാളാണെന്നുമൊക്കെ രസകരമായ ചര്‍ച്ചകള്‍ കേള്‍ക്കുന്നുണ്ട്. അതെ, കോഹ്‌ലി സ്വാര്‍ത്ഥനാണ്. നൂറ് കോടി ജനങ്ങളുടെ സ്വപ്‌നം പിന്തുടരാന്‍ തക്ക സ്വാര്‍ത്ഥന്‍.

ഇത്രയധികം നേട്ടങ്ങളുണ്ടായിട്ടും കൂടുതല്‍ മികവിനായി പരിശ്രമിക്കാന്‍ തക്ക സ്വാര്‍ത്ഥന്‍, പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ തക്ക സ്വാര്‍ത്ഥന്‍, തന്റെ ടീമിന്റെ വിജയം ഉറപ്പാക്കാന്‍ തക്ക സ്വാര്‍ത്ഥന്‍. അതെ, കോഹ്‌ലി സ്വാര്‍ത്ഥനാണ്,’ വെങ്കടേഷ് പ്രസാദ് എക്‌സില്‍ കുറിച്ചു.

ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തിലെ റെക്കോഡ് നേട്ടത്തോടെ ഏകിദനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം ഒന്നാം സ്ഥാനത്തെത്താന്‍ കോഹ്ലിക്ക് സാധിച്ചു.

121 പന്തില്‍ 101 റണ്‍സിന് പുറത്താകാതെയാണ് കോഹ്ലി 49ാം ഏകദിന സെഞ്ച്വറി നേടിയത്. 277 ഇന്നിങ്‌സിലാണ് വിരാട് കോഹ്ലി ഈ നേട്ടം കൈവരിച്ചത്.

ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാരയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും വിരാട് കോഹ്ലിക്കായി. 34 മത്സരത്തില്‍ നിന്നും 1,571 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്.

Content Highlights: Former fast bowler Venkatesh Prasad lashed out after critics slammed Virat Kohli

We use cookies to give you the best possible experience. Learn more