|

ചാമ്പ്യന്‍സ് ട്രോഫി സമ്മാനദാന ചടങ്ങില്‍ ഒരു പി.സി.ബി പ്രതിനിധി പോലും ഇല്ലാതിരുന്നത് ഏറെ വിഷമിപ്പിച്ചു: ഷൊയ്ബ് അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫിയോട് അനുബന്ധിച്ചുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി സമ്മാനദാന ചടങ്ങിനെ ചൊല്ലിയാണ് പുതിയ വിവാദം.

ഐ.സി.സി ചെയര്‍മാന്‍ ജയ് ഷാ, ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ദേവ്ജിത് സൈകിയ, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ഡയറക്ടര്‍ റോജര്‍ ടാവോസ് എന്നിവരാണ് സമ്മാനദാന ചടങ്ങിലുണ്ടായിരുന്നത്.

പി.സി.ബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ജോലി കാരണമാണ് ദുബായിലേക്ക് പോകാതിരുന്നതെന്നാണ് ടെലികോം ഏഷ്യ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, പി.സി.ബി ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ചാമ്പ്യന്‍സ് ട്രോഫി ഡയറക്ടറുമായ സുമൈര്‍ അഹമ്മദ് ദുബായില്‍ ഉണ്ടായിരുന്നെങ്കിലും സമ്മാനദാന ചടങ്ങിന് വേദിയുടെ ഭാഗമായിരുന്നില്ല.

പാകിസ്ഥാന്‍ സമ്മാനദാന ചടങ്ങില്‍ പ്രതിനിധിയെ അയക്കാത്തതില്‍ പ്രതികരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളറായ ഷൊയ്ബ് അക്തര്‍. വേദിയില്‍ ഒരു പി.സി.ബി പ്രതിനിധിയില്ലാതിരുന്നത് വിചിത്ര കാര്യമാണെന്നും അത് തന്റെ ചിന്തിക്കാന്‍ കഴിയുന്നതിന്റെയും അപ്പുറമാണെന്നും അക്തര്‍ പറഞ്ഞു.

ആതിഥേയരായിട്ടും ഒരു ലോക വേദിയില്‍ പി.സി.ബിയുടെ പ്രതിനിധികള്‍ ഇല്ലാത്തത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.

‘ഇന്ന് ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചിരിക്കുന്നു. പക്ഷേ, ഒരു വിചിത്ര കാര്യം നടന്നതായി ഞാന്‍ ശ്രദ്ധിച്ചു. ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനായിട്ടും സമ്മാനദാന ചടങ്ങില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഒരു പ്രതിനിധി പോലും ഉണ്ടായിരുന്നില്ല. ഇത് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നതിന്റെയും അപ്പുറമാണ്.

എന്തുകൊണ്ടാണ് ഞങ്ങളെ പ്രതിനിധീകരിക്കാനും ട്രോഫി നല്‍കാനും ആരും ഉണ്ടാകാതിരുന്നത്? ദയവായി ഒന്ന് ആലോചിച്ചു നോക്കൂ, ഇതൊരു ലോക വേദിയാണ്, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, എനിക്ക് പി.സി.ബി അംഗങ്ങളെയൊന്നും കാണാന്‍ കഴിഞ്ഞില്ല. അത് കാണുമ്പോള്‍ വളരെ വിഷമം തോന്നുന്നു,’ അക്തര്‍ പറഞ്ഞു.

29 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഐ.സി.സി ടൂര്‍ണമെന്റായിരുന്നു ചാമ്പ്യന്‍സ് ട്രോഫി. എന്നാല്‍, ഇന്ത്യയോടും ന്യൂസിലന്‍ഡിനോടും പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മെന്‍ ഇന്‍ ഗ്രീന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

content highlights: Former fast bowler Shoaib Akhtar has reacted to Pakistan not sending a representative to the award ceremony of champions trophy