വാഷിങ്ടണ്‍: ഫേസ്ബുക്ക് കമ്പനിയുടെ ആപ്പുകളും സൈറ്റുകളും കുഞ്ഞുങ്ങളെ മോശമായി ബാധിക്കുന്നുണ്ടെന്ന് ഫേസ്ബുക്കിലെ മുന്‍ പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൗഗെന്‍. അമേരിക്കന്‍ നിയമനിര്‍മാണ സഭ സ്ഥിതിചെയ്യുന്ന കാപ്പിറ്റോള്‍ ഹില്ലില്‍ ചൊവ്വാഴ്ച നടന്ന ഹിയറിങിനിടെയായിരുന്നു ഹൗഗെന്‍ ഫേസ്ബുക്കിനെതിരെ സംസാരിച്ചത്.
ഫേസ്ബുക്ക് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അവര്‍ ഹിയറിങില്‍ വിമര്‍ശിച്ചു. ഇതോടെ തങ്ങളുടെ പോളിസികളിലും റെഗുലേഷന്‍ നിയമങ്ങളിലും മാറ്റം വരുത്താന്‍ ഫേസ്ബുക്കിന് മേലുള്ള സമ്മര്‍ദം ശക്തിയായി.
”ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും എങ്ങനെയാണ് സുരക്ഷിതമാക്കേണ്ടതെന്ന് കമ്പനിക്ക് കൃത്യമായറിയാം. എന്നാല്‍ അതിന് വേണ്ട മാറ്റങ്ങള്‍ അവര്‍ വരുത്തുന്നില്ല. കാരണം അവര്‍ സാമ്പത്തിക ലാഭമാണ് നോക്കുന്നത്,” ഹൗഗെന്‍ പറഞ്ഞു. എല്ലാ തരം നിയന്ത്രണത്തിനുള്ള അധികാരവുമുണ്ടെങ്കിലും മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒന്നും ചെയ്യുന്നില്ലെന്നും ഹൗഗെന്‍ വിമര്‍ശിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഫേസ്ബുക്ക് മണിക്കൂറോളം നിശ്ചലമായതിനെക്കുറിച്ചും ഹൗഗെന്‍ പ്രതികരിച്ചു.
”എന്തുകൊണ്ടാണ് ഫേസ്ബുക്ക് സേവനങ്ങള്‍ കുറച്ച് സമയത്തേക്ക് നിന്നുപോയതെന്ന് എനിക്കറിയില്ല. എങ്കിലും ആ കുറച്ച് സമയത്തേക്കെങ്കിലും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും ചെറുപ്പക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സ്വന്തം ശരീരത്തെ പറ്റി അപകര്‍ഷതാബോധം വളരാനും ഫേസ്ബുക്ക് കാരണമായില്ലല്ലോ എന്ന സമാധാനമുണ്ട്” അവര്‍ പറഞ്ഞു.
ഫേസ്ബുക്കിന്റെ പല ആഭ്യന്തര രേഖകളും വാള്‍ സ്ട്രീറ്റ് ജേണലിന് കൈമാറിയിട്ടുണ്ടെന്നും ഹൗഗെന്‍ പറഞ്ഞു. ഇത് പ്രകാരം നടത്തിയിട്ടുള്ള ഒരു പഠനത്തില്‍ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ഫേസ്ബുക്ക് ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ആരോപണങ്ങളെ ഗൗരവമായെടുത്തിട്ടുണ്ട്. ഫേസ്ബുക്ക് കമ്പനിയുടെ സുരക്ഷാ, സ്വകാര്യതാ പോളിസികളില്‍ മാറ്റം വരുത്തണമെന്നും ഇരു പാര്‍ട്ടിക്കുള്ളില്‍ നിന്നും അഭിപ്രായമുയര്‍ന്നു.
എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തെറ്റായ പ്രചാരണമാണെന്നും കമ്പനിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രതികരിച്ചു. ഇപ്പോള്‍ പുറത്തുവരുന്ന വിമര്‍ശനങ്ങള്‍ അധികവും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും അദ്ദേഹം ഫേസ്ബുക്കിലെ തൊഴിലാളികള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.
കത്ത് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടു. മോശം കണ്ടന്റുകള്‍ തടയാനുള്ള ശ്രമങ്ങള്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും കമ്പനി പ്രാധാന്യം നല്‍കുന്നുണ്ടെന്നും കത്തി ലുണ്ട്.
ലോകത്തിലെ ഏറ്റവും ജനകീയമായ സമൂഹമാധ്യമ സൈറ്റാണ് ഫേസ്ബുക്ക്. 2.7 ബില്യണ്‍ പ്രതിമാസ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. അതേസമയം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഫേസ്ബുക്ക് സ്വീകരിക്കുന്നില്ല എന്ന് പൊതുവേ വിമര്‍ശനമുണ്ട്.
തിങ്കളാഴ്ച രാത്രി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് എന്നിവയുടെ പ്രവര്‍ത്തനം ആറ് മണിക്കൂറോളം നിലച്ചതിനെത്തുടര്‍ന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഏകദേശം ഏഴ് ബില്യണ്‍ (700 കോടി) യു.എസ് ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു.