വാഷിങ്ടണ്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കമ്പനിയിലെ മുന്‍ പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൗഗെന്‍. സാമ്പത്തിക ലാഭത്തിന് വേണ്ടി ഫേസ്ബുക്ക് വിദ്വേഷ പ്രചരണങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും അത്തരം ആളുകളുടെ കൂടെച്ചേര്‍ന്ന് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചെന്നും ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ പ്രചരണങ്ങള്‍ക്ക് കൂട്ടുനിന്നെന്നും ഹൗഗെന്‍ അമേരിക്കന്‍ സെക്യൂരിറ്റി കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഫേസ്ബുക്ക് രേഖകളെ അടിസ്ഥാനമാക്കി തന്നെയാണ് പരാതി. വംശീയമായുള്ള അധിക്ഷേപങ്ങളും ആക്രമണവും വിഭജന ആശയങ്ങളും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഹൗഗെന്‍ പറഞ്ഞു. ഇന്ത്യയില്‍ തീവ്ര വലത് ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള പ്രചരണങ്ങളെ ഇതിന് ഉദാഹരണമായി പരാതിയില്‍ പറയുന്നുണ്ട്.
സംഘപരിവാര്‍ അനുകൂല വ്യക്തികളുടെയും സംഘടനകളുടെയും പ്രൊഫൈലിലൂടെ ഇന്ത്യയില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചരണങ്ങള്‍ ഫേസ്ബുക്കിന്റെ അറിവോടെയും പിന്തുണയോടെയുമാണെന്ന് ഹൗഗെന്‍ ആരോപിച്ചു. മുസ്‌ലിങ്ങളെ നായ്ക്കളോടും പന്നികളോടും ഉപമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും ഖുറാനെ ഉദ്ധരിച്ചുള്ള വ്യാജ പ്രചരണങ്ങളും ഈ കൂട്ടത്തില്‍പ്പെടുന്നുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേൃത്വത്തിലാണ് ഇത്തരത്തിലുള്ള മുസ്‌ലിം വിരുദ്ധ പ്രചരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ വര്‍ഗീയമായി ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് നിയന്ത്രിക്കുന്നില്ലെന്നും ഹൗഗെന്‍ പറഞ്ഞു.
നോണ്‍ പ്രോഫിറ്റ് നിയമ സംഘടനയായ ‘വിസില്‍ബ്ലോവര്‍ എയ്ഡ്’ ആണ് ഹൗഗെനെ പ്രതിനിധീകരിച്ച് പരാതി നല്‍കിയിരിക്കുന്നത്. വാഷിങ്ടണിലെ യു.എസ് സെനറ്റര്‍മാര്‍ക്ക് മുമ്പിലും
ഹൗഗെന്‍ മൊഴി നല്‍കും.
ഇന്ത്യയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് ബി.ജെ.പി അനുകൂല പോസ്റ്റുകള്‍ക്കും ടാഗുകള്‍ക്കും കൂടുതല്‍ പ്രചാരം ലഭിച്ചത് രേഖകളുടെ അടിസ്ഥാനത്തില്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കി ‘ബൂസ്റ്റിംഗ്’ നടത്തുന്ന ടയര്‍ സീറോ വിഭാഗത്തിലെ രാജ്യമായാണ് ഇന്ത്യയെ രേഖകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
നേരത്തേ ഫേസ്ബുക്ക് കമ്പനിയുടെ ആപ്പുകളും സൈറ്റുകളും കുഞ്ഞുങ്ങളെ മോശമായി ബാധിക്കുന്നുണ്ടെന്ന് ഹൗഗെന്‍ അമേരിക്കന്‍ നിയമനിര്‍മാണ സഭ സ്ഥിതിചെയ്യുന്ന കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന ഹിയറിങിനിടെ പറഞ്ഞിരുന്നു. ഫേസ്ബുക്ക്
ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അവര്‍ ഹിയറിങില്‍ വിമര്‍ശിച്ചു.
ചെറുപ്പക്കാരായ പെണ്‍കുട്ടികളിലും സ്തീകളിലും സ്വന്തം ശരീരത്തെ പറ്റി അപകര്‍ഷതാബോധം വളരാന്‍ ഫേസ്ബുക്ക് കാരണമാകുന്നുണ്ടെന്നും ഹൗഗെന്‍ പറഞ്ഞു.
ഫേസ്ബുക്കിന്റെ പല ആഭ്യന്തര രേഖകളും വാള്‍ സ്ട്രീറ്റ് ജേണലിന് കൈമാറിയിട്ടുണ്ടെന്നും ഹൗഗെന്‍ അറിയിച്ചു.
അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ആരോപണങ്ങളെ ഗൗരവമായെടുത്തിട്ടുണ്ട്. ഫേസ്ബുക്ക് കമ്പനിയുടെ സുരക്ഷാ, സ്വകാര്യതാ പോളിസികളില്‍ മാറ്റം വരുത്തണമെന്നും ഇരു പാര്‍ട്ടിക്കുള്ളില്‍ നിന്നും അഭിപ്രായമുയര്‍ന്നു.
ഇതോടെ തങ്ങളുടെ പോളിസികളിലും റെഗുലേഷന്‍ നിയമങ്ങളിലും മാറ്റം വരുത്താന്‍ ഫേസ്ബുക്കിന് മേലുള്ള സമ്മര്‍ദം ശക്തിയായിരിക്കുകയാണ്.
എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തെറ്റായ പ്രചാരണമാണെന്നും കമ്പനിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രതികരിച്ചു. ഫേസ്ബുക്കിലെ തൊഴിലാളികള്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
കത്ത് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടു.