കായംകുളം: കായംകുളത്ത് വ്യാജ മദ്യ നിര്‍മാണത്തിനിടെ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കാപ്പില്‍ സ്വദേശി ഹാരി ജോണാണ് പിടിയിലായത്. 500 ലിറ്റര്‍ വ്യാജമദ്യവും ലേബലുകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
എക്‌സൈസ് ഉദ്യോഗസ്ഥന്‍ തന്നെ വ്യാജവാറ്റിന് നേതൃത്വം നല്‍കുകയായിരുന്നെന്നും വില്‍പ്പന ഉദ്ദേശിച്ച് വലിയ തോതിലുള്ള വ്യാജ വാറ്റാണ് നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വലിയ തോതില്‍ വ്യാജ മദ്യം നിര്‍മിച്ച് വില്‍പ്പന നടത്തുന്ന ആളാണ് ഹാരിഷ് ജോണ്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍വീസില്‍ ഇരിക്കെ തന്നെ സ്വഭാവ ദൂഷ്യത്തിന് സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിടേണ്ടി വന്ന ആളാണ് ഇദ്ദേഹമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇദ്ദേഹം വീട് കേന്ദ്രീകരിച്ച് മദ്യം നിര്‍മാണം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെ പരിശോധന നടത്തുകായായിരുന്നു.
ഇയാളുടെ കൂട്ടാളി രാഹുലിനെ ചൊവ്വാഴ്ച കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും 28 കുപ്പി വ്യാജ മദ്യവും പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഹാരി ജോണിന്റെ വീട്ടില്‍ എക്‌സൈസ് വകുപ്പ് പരിശോധന നടത്തിയത്.
വലിയ രീതിയിലുള്ള മദ്യസംഭരണം ഇദ്ദേഹത്തിന്റെ വീട്ടില്‍ ഉള്ളതായി കണ്ടെത്തി. 500 ബോട്ടില്‍ മദ്യം, ലേബല്‍, സ്റ്റിക്കര്‍, വലിയ കാനുകള്‍ എന്നിവയുള്‍പ്പെടെ ഒരു മിനി വാന്‍ നിറയെ സാധനമാണ് എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത്.
അതേസമയം മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇദ്ദേഹത്തിന് വ്യാജ മദ്യ വാറ്റ് നടത്താന്‍ ചില സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സര്‍വീസില്‍ ഉള്ളപ്പോഴുള്ള ചില ബന്ധങ്ങള്‍ വ്യാജ മദ്യനിര്‍മാണത്തിനായി ഇദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിട്ട സാഹചര്യത്തില്‍ മദ്യം വ്യാപകമായി വിറ്റഴിക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നടപടിയിലേക്ക് ഇയാള്‍ നീങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.