| Saturday, 4th February 2023, 12:26 pm

പത്താന്‍ 1000 കോടി കടക്കുമോ എന്ന് ഇംഗ്ലണ്ട് സൂപ്പര്‍ താരം; ഇല്ല, ചിലപ്പോള്‍ 999 കോടിയില്‍ നില്‍ക്കുമെന്ന് ആരാധകര്‍; തരംഗമായി ഇംഗ്ലണ്ട് താരത്തിന്റെ ട്വീറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ പത്താനിലൂടെ കിങ് ഖാന്റെ അക്ഷരാര്‍ത്ഥത്തിലുള്ള തേരോട്ടമായിരുന്നു ശേഷം ഗ്ലോബല്‍ ബോക്‌സ് ഓഫീസ് കണ്ടത്.

നൂറ് കോടിയും അഞ്ഞൂറ് കോടിയും കടന്ന ചിത്രം ആയിരം കോടി കടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആമിര്‍ ഖാന്‍ നായകനായ ദംഗലിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് തകര്‍ക്കാന്‍ പത്താന് സാധിക്കുമോ എന്നും ബോളിവുഡില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പത്താനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുന്നതിനിടെ അതിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മോണ്ടി പനേസര്‍. ഇന്ത്യന്‍ വംശജനായ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ സ്പിന്നര്‍ ചിത്രത്തെ പുകഴ്ത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്.

പത്താന്‍ ഇതിനോടകം തന്നെ എഴുന്നൂറ് കോടി സ്വന്തമാക്കിയെന്നും ആയിരം കോടി നേട്ടം മറികടക്കാന്‍ ചിത്രത്തിന് സാധിക്കുമോ എന്നുമാണ് പനേസര്‍ ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെ ആരാധകരും കൂടിയിട്ടുണ്ട്. നിങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തി സിനിമാ നിരൂപണം തുടങ്ങിയോ എന്നും ചിത്രം എന്തുവന്നാലും ആയിരം കോടി ക്ലബ്ബില്‍ പ്രവേശിക്കുമെന്നും ആരാധകര്‍ പറയുന്നു.

ചിത്രം പുറത്തിറങ്ങി ഒരാഴ്ചക്കുള്ളില്‍ തന്നെ നിരവധി കളക്ഷന്‍ റെക്കോഡുകള്‍ കടപുഴക്കി എറിഞ്ഞികുന്നു. സിനിമ റിലീസ് ചെയ്ത ആദ്യ ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ 591 കോടി രൂപയായിരുന്നു കളക്ട് ചെയ്തത്.

ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ചിത്രം എന്ന റെക്കോഡും പത്താന്‍ സ്വന്തമാക്കിയിരുന്നു.

കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെയും ബാഹുബലി കണ്‍ക്ലൂഷന്റെയും ദംഗലിന്റെയും റെക്കോഡാണ് പത്താന്‍ ഒറ്റയടിക്ക് മറികടന്നത്. ദംഗല്‍ 13 ദിവസം കൊണ്ടും ബാഹുബലി ടുഹിന്ദി വേര്‍ഷന്‍ പത്ത് ദിവസം കൊണ്ടും കെ.ജി.എഫ് ടുഹിന്ദി വേര്‍ഷന്‍ 11 ദിവസം കൊണ്ടുമാണ് 300 കോടി ക്ലബ്ബില്‍ എത്തിയത്.

ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നും ബഹിഷ്‌കരണ ആഹ്വാനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. പലയിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ ഭീഷണി.

എന്നാല്‍ ഇത്തരത്തിലുള്ള പ്രചരണങ്ങളെയെല്ലാം മറികടന്നാണ് പത്താന്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയിലെ ബേഷരം രംഗ് എന്ന ഗാനമാണ് ‘ബഹിഷ്‌കരണക്കാരെ’ ചൊടിപ്പിച്ചത്. നായികയായ ദീപിക പദുക്കോണ്‍ അണിഞ്ഞ കാവി ബിക്കിനിയാണ് ഇവരുടെ പ്രശനങ്ങള്‍ക്ക് തുടക്കമിട്ടത്. ദൈവത്തിന്റെ നിറമായ കാവിയെ അപമാനിച്ചുവെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാരോപിച്ചായിരുന്നു സംഘപരിവാര്‍ അതിക്രമങ്ങള്‍.

സോഷ്യല്‍ മീഡിയയിലെ ബോയ്‌കോട്ട് ആഹ്വാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം ഷാരൂഖിന്റെ ചിത്രം കത്തിക്കുന്നതിലേക്കും ഫ്‌ളക്‌സുകള്‍ നശിപ്പിക്കുന്നതിലേക്കും തിയേറ്ററുകളിലേക്ക് അതിക്രമിച്ചു കയറുന്നതിലേക്കും തിയേറ്റര്‍ ഉടമകളെ ഭീഷണപ്പെടുത്തുന്നതിലേക്കും വരെയെത്തി.

എന്നാല്‍ ഇത്തരം വിവാദങ്ങളൊന്നും സിനിമയെ ബാധിച്ചിരുന്നില്ല. തീവ്ര ഹിന്ദുത്വ സംഘടനകളാണ് ചിത്രത്തിന് വലിയ പ്രചാരണം നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ മറ്റും ഉയര്‍ന്നുവരുന്ന പ്രധാന വാദം.

ചിത്രത്തിനെതിരെ ഇത്ര വലിയ ആക്രമണം നടന്നപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ തന്നെ ഒരു അനുകൂല തരംഗം ഷാരൂഖിനും പത്താനും ലഭിച്ചു. അതാണ് ഒരു പരിധി വരെ സിനിമയുടെ വിജയത്തിന് കാരണമെന്നാണ് സിനിമാ നിരൂപകര്‍ നിരീക്ഷിക്കുന്നത്.

Content highlight: Former English Cricketer Monty Panesar about Pathan Movie

We use cookies to give you the best possible experience. Learn more