2008ലെ രാജസ്ഥാന്‍ റോയല്‍സാണ് അവര്‍; നിരീക്ഷണവുമായി ഇംഗ്ലണ്ട് സൂപ്പര്‍ താരം
IPL
2008ലെ രാജസ്ഥാന്‍ റോയല്‍സാണ് അവര്‍; നിരീക്ഷണവുമായി ഇംഗ്ലണ്ട് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th April 2022, 10:32 pm

ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ആര്‍ക്കും പ്രതീക്ഷയില്ലാത്ത ഒരു ടീമുമായെത്തി കിരീടം നേടിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഷെയ്ന്‍ വോണ്‍ എന്ന സ്ട്രാറ്റജിസ്റ്റിന്റെ കീഴില്‍ ഏവരാലും എഴുതിത്തള്ളിയ ഒരു ടീം ഐ.പി.എല്ലിന്റെ കന്നിക്കിരീടത്തില്‍ മുത്തമിടുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം അന്ന സാക്ഷ്യം വഹിച്ചത്.

ഈ സീസണിലും 2008ലെ രാജസ്ഥാനെ പോലെ ഒരു ടീമുണ്ടെന്ന അഭിപ്രായവുമായെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തേയും സൂപ്പര്‍ താരങ്ങളിലൊരാളായ കെവിന്‍ പീറ്റേഴ്‌സണ്‍.

ഗുജറാത്ത് ടൈറ്റന്‍സിന്റെ കളികള്‍ കാണുമ്പോള്‍ 2008ലെ രാജസ്ഥാന്റെ കളിയാണ് തനിക്ക് ഓര്‍മ വരുന്നതെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. 2008ല്‍ രാജസ്ഥാന്‍ എങ്ങനെയായിരുന്നുവോ, 2022ല്‍ ഗുജറാത്തും അങ്ങനെയാണെന്നും അവരെ തോല്‍പിക്കാന്‍ കുറച്ചു പാടുപെടേണ്ടി വരുമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്.

‘ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിക്കാന്‍ എളുപ്പമല്ല. ഏതൊരു സാഹചര്യത്തിലും അവര്‍ വിജയം നേടാനുള്ള വഴികള്‍ കണ്ടെത്തുകയാണ്. അത്തരമൊരു മനോഭാവമുള്ളവരെ തോല്‍പിക്കാന്‍ വളരെ പ്രയാസമാണ്.

മത്സരം തുടങ്ങിയപ്പോള്‍ ഇവര്‍ ഇത്രയും നല്ല പ്രകടനം പുറത്തെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2008ല്‍ ഗ്രേറ്റ് ഷെയ്ന്‍ വോണിന്റെ കീഴില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സിനെയാണ് ടൈറ്റന്‍സ് ഓര്‍മിപ്പിക്കുന്നത്.

ഒരു ടീം എന്ന നിലയില്‍ രാജസ്ഥാന്‍ ഒരിക്കലും ഒരു മികച്ച ടീമായിരുന്നില്ല. എന്നാല്‍ അവര്‍ എന്തായിരുന്നുവെന്നും എന്ത് ചെയ്തുവെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്,’ പീറ്റേഴ്‌സണ്‍ പറയുന്നു.

രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് ഈ സീസണിലെ തന്റെ ഇഷ്ട ടീമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

ഐ.പി.എല്‍ 2022ലെ പുതിയ ടീം എന്ന നിലയില്‍ ആര്‍ക്കും വലിയ പ്രതീക്ഷയില്ലാതിരുന്ന ടീമായിരുന്നു ടൈറ്റന്‍സ്. രോഹിത് ശര്‍മയെ പോലുള്ള പരിചയ സമ്പന്നനായ ക്യാപ്റ്റനും ധോണിയെ പോലെ കളിക്കളത്തിലെ ചാണിക്യനുമൊപ്പം ഇതുവരെ ഒരു കളിയില്‍ പോലും നായകനാവാത്ത ഹര്‍ദിക്കും അവന്റെ ടീം എന്ത് ചെയ്യാനെന്ന് എല്ലാവരും നെറ്റി ചുളിച്ചിരുന്നു.

എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങിയപ്പോഴാണ് ടൈറ്റന്‍സ് എന്താണെന്നും എത്രത്തോളം അപകടകാരികളാണെന്നും മറ്റുള്ള ടീമുകള്‍ക്ക് മനസിലായത്. കില്ലര്‍ മില്ലറും, ശുഭ്മാന്‍ ഗില്ലും ഹര്‍ദിക്കും സാഹയും റാഷിദ് ഖാനും ഷമിയും ആക്രമണോത്സുകതയുടെ പര്യായമായ രാഹുല്‍ തെവാട്ടിയയും ചേരുന്ന ടൈറ്റന്‍സ് നിര ഏത് ടീമിനേയും വിറപ്പിക്കാന്‍ പോന്നതുതന്നെയാണ്.

നിലവില്‍ 8 കളിയില്‍ നിന്നും 7 ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ടൈറ്റന്‍സ്.

Content Highlight: Former England Superstar Kevin Pietersen says Gujarat Titans are playing like the Rajasthan Royals of 2008