ബട്‌ലറിനെ വിശ്വസിച്ചാല്‍ എട്ടിന്റെ പണി കിട്ടും; രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഇതിഹാസ താരം
IPL
ബട്‌ലറിനെ വിശ്വസിച്ചാല്‍ എട്ടിന്റെ പണി കിട്ടും; രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഇതിഹാസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd May 2022, 4:19 pm

 

വരാനിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് മുന്നോടിയായി രാജസ്ഥാന്‍ ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഇതിഹാസ താരം ഗ്രെയം സ്വാന്‍. ഓപ്പണര്‍ ജോസ് ബട്‌ലറിനെ മാത്രം വിശ്വസിച്ചുകൊണ്ട് കളത്തിലിറങ്ങരുതെന്നാണ് സ്വാന്‍ പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവിലാണ് സ്വാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇതുവരെയുള്ള മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ നിരവധി മികച്ച ബാറ്റിംഗ് മൊമന്റുകള്‍ രാജസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അവരുടെ ബാറ്റര്‍മാര്‍ തിളങ്ങിയ എല്ലാ മത്സരത്തിലും അവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

അവര്‍ എല്ലാ ടീമിനേക്കാളും മുന്നിലോടുന്ന ടീം തന്നെയാണ്. എന്നാല്‍ വിക്കറ്റ് വീഴുന്നതും സ്‌കോറിംഗ് മന്ദഗതിയിലാവുന്നതും അവരുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം അവര്‍ കണ്ടത്തേണ്ടിയിരിക്കുന്നു. എല്ലാ മത്സരത്തിലും ആഞ്ഞടിച്ചതുകൊണ്ട് മാത്രം ജയിക്കാനും സാധിക്കില്ല.

എല്ലാത്തിലുമുപരി ജോസ് ബട്‌ലറിനെ അതിരുവിട്ട് ആശ്രയിക്കുന്നതും ടീമിനെ സംബന്ധിച്ച് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. പതുക്കെ സ്‌കോര്‍ ചെയ്യുന്ന മത്സരത്തില്‍ മിഡില്‍ ഓവറുകളില്‍ പത്തോ ഇരുപതോ റണ്‍സ് അധികം നേടാനുമുള്ള ഒരു പദ്ധതിയും രാജസ്ഥാന് വേണം. മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്,’ സ്വാന്‍ പറയുന്നു.

ഇനി രണ്ട് മത്സരത്തില്‍ക്കൂടി വിജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കാം. അതുകൊണ്ട് തന്നെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം വിജയിച്ച് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനാണ് സഞ്ജുവും പിള്ളേരും ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ മുംബൈയോടേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് രാജസ്ഥാന്‍ മത്സരത്തിനിറങ്ങുന്നത്. അതേസമയം, തുടര്‍ച്ചയായ തോല്‍വികള്‍ ഉഴറുന്ന കെ.കെ.ആറിന് മുഖം രക്ഷിക്കാന്‍ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ് താനും.

മുംബൈയ്ക്കെതിരായ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാകും രാജസ്ഥാന്‍ ഇന്ന് കളത്തിലിറങ്ങുക. ഡാരില്‍ മിച്ചലിന് പകരം ജെയിംസ് നീഷം രാജസ്ഥാന്‍ നിരയില്‍ തിരിച്ചെത്തിയേക്കും.

 

സാധ്യതാ ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബ്ടലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ജെയിംസ് നീഷം, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍. അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, ബാബ ഇന്ദ്രജിത്ത്, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ടിം സൗത്തി, ഹാര്‍ഷിത് റാണ.

Content Highlight: Former England Superstar Graeme Swann says don’t rely heavily on Jos Buttler