തനിക്കും പങ്കാളിക്കും എതിരെ ഉയരുന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം സാറ ടെയ്‌ലര്‍. തന്റെ പങ്കാളി ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ പല കോണുകളില്‍ നിന്നും താരത്തിനെതിരെയും പങ്കാളിക്കെതിരെയും വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.
ഫെബ്രുവരി 22നാണ് തന്റെ പങ്കാളി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ടെയ്‌ലര്‍ പങ്കുവെക്കുന്നത്.
‘ഒരു അമ്മയാവുക എന്നത് എന്റെ പങ്കാളിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ഈ യാത്ര ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല, എന്നാല്‍ ഡയാന ഒരിക്കല്‍ പോലും തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
അവള്‍ വളരെ മികച്ച അമ്മയായിരിക്കും എന്ന കാര്യം എനിക്കുറപ്പാണ്. അതിന്റെ ഒരു ഭാഗമാവുന്നത് എന്നെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാണ്. 19 ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ ജീവിതം തന്നെ വ്യത്യസ്തമായിരിക്കും,’ എന്നായിരുന്നു താരം പോസ്റ്റില്‍ കുറിച്ചത്.
പോസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരത്തിനും പങ്കാളി ഡയാനക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് പലരുമെത്തിയപ്പോള്‍ ഒരു വിഭാഗം താരത്തെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച ഒന്നിലധികം ട്വീറ്റിലൂടെയാണ് സാറ ടെയ്‌ലര്‍ ഇതിന് മറുപടി നല്‍കുന്നത്.
‘എന്റെ പങ്കാളി ഗര്‍ഭിണിയാണെന്ന വിശേഷം പങ്കുവെച്ചതിന് പിന്നാലെ ഇത്തരം പല ചോദ്യങ്ങളും നേരിടേണ്ടി വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് സാധിക്കും. ഐ.വി.എഫ്: മറ്റൊരാള്‍ക്ക് സവിശേഷമായ ഒരു മുഹൂര്‍ത്തം സമ്മാനിക്കാന്‍ ആഗ്രഹിച്ച അജ്ഞാതനായ ഒരു വ്യക്തിയുടെ ബീജമുപയോഗിച്ചാണ് ഗര്‍ഭം ധരിച്ചിരിക്കുന്നത്,’
‘അതെ, ഞാന്‍ ലെസ്ബിയനാണ്, ഏറെ കാലമായി അങ്ങനെ തന്നെ തുടരുകയാണ്. ഇതൊരിക്കലും ഒരു ചൊയ്‌സല്ല. ഞാന്‍ ഏറെ സന്തോഷത്തിലും സ്‌നേഹത്തിലുമാണ്. എല്ലാ കുടുംബവും വ്യത്യസ്തമാണ്. മറ്റുള്ളവരെ കുറിച്ച് വിധിക്കുമ്പോള്‍ ആദ്യം സ്വയം പഠിക്കാന്‍ ശ്രമിക്കുക. കുഞ്ഞിന് വേണ്ട കരുതലും പിന്തുണയും ഞങ്ങളില്‍ നിന്നും ലഭിക്കും,’ മറ്റൊരു ട്വീറ്റില്‍ സാറ കുറിച്ചു.
ഇംഗ്ലണ്ട് വനിതാ ടീം 2017ല്‍ ലോകകപ്പ് നേടിയ സ്‌ക്വാഡിനൊപ്പം സാറയും അംഗമായിരുന്നു.
Content highlight: Former England star Sarah Taylor has hit back at trolls after her partner announced she was pregnant