| Monday, 14th November 2022, 4:40 pm

രോഹിത് ശര്‍മയുടെ കാലം കഴിഞ്ഞു, എടുത്ത് പുറത്ത് കളയണം, ഒപ്പം ഈ രണ്ട് പേരെയും; ആഞ്ഞടിച്ച് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍.

രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍ എന്നിവരുടെ സമയം അവസാനിച്ചെന്നും യുവതാരങ്ങള്‍ക്ക് അവര്‍ വഴി മാറിക്കൊടുക്കണമെന്നുമാണ് പനേസര്‍ പറയുന്നത്.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പനേസര്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യ എല്ലാവരേയും നിരാശപ്പെടുത്തി, ചില താരങ്ങള്‍ ഉടന്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിത്താനും പോവുകയാണ്,’ പനേസര്‍ പറഞ്ഞു.

‘സെമി ഫൈനലില്‍ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു എത്തും പിടിയും ഇന്ത്യക്കില്ലായിരുന്നു. സെമി വണ്‍ സൈഡഡ് മാച്ചായിട്ടണ് എനിക്ക് തോന്നിയത്. സെമി ഫൈനല്‍ മത്സരങ്ങളില്‍ 168 എന്നത് ഒരു ചെറിയ സ്‌കോറേ അല്ല, പക്ഷേ ഇന്ത്യ ചെറുത്ത് നില്‍ക്കാന്‍ പോലും ശ്രമിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. വിരാട് കോഹ്‌ലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് 168 എന്ന സ്‌കോര്‍ നല്‍കിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ ഒരു ദയവും കൂടാതെ തച്ചുതകര്‍ക്കുകയായിരുന്നു. അലക്‌സ് ഹേല്‍സ് 86 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 80 റണ്‍സും സ്വന്തമാക്കി.

ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ ശരാശരിക്കും താഴെയുള്ള പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന ഇവര്‍ വിരമിക്കണമെന്നാണ് പനേസര്‍ പറയുന്നത്.

‘രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക്, ആര്‍.അശ്വിന്‍ എന്നിവര്‍ ടി-20 ഫോര്‍മാറ്റിനോട് ഗുഡ് ബൈ പറയുകയും യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യണം,’ പനേസര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യ വിരാടിനെയും സൂര്യകുമാര്‍ യാദവിനെയും അമിതമായി ആശ്രയിച്ചതാണ് ഇന്ത്യക്ക് വിനയായതെന്നും മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടിരുന്നു.

വിരാടിനെയും സൂര്യകുമാറിനെയും അമിതമായി ആശ്രയിച്ചത് ഇന്ത്യക്ക് ലോകകപ്പ് നഷ്ടപ്പെടുത്തി,’ താരം പറയുന്നു.

‘ഇന്ത്യ വിരാടിനെയും സൂര്യകുമാറിനെയും അമിതമായി ആശ്രയിച്ചിരുന്നു. അവര്‍ മികച്ച ഫോമിലായിരുന്നു, ഇന്ത്യക്കായി റണ്ണടിച്ചുകൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബാക്കി ബാറ്റര്‍മാരുടെ കാര്യമോ?

കെ.എല്‍. രാഹുല്‍ കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ സ്‌കോര്‍ ചെയ്തു. വലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോഴും അവന്‍ അത്തരത്തില്‍ റണ്‍സ് നേടേണ്ടിയിരുന്നു, എന്നാല്‍ അവനതില്‍ പരാജയപ്പെടുകയാണ് ചെയ്തത്.

ഓപ്പണര്‍മാര്‍ ഇന്ത്യക്കായി ഒരു മികച്ച അടിത്തറ ഒരുക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ത്യക്ക് ഇല്ലാതെ പോയതും അതുതന്നെയാണ്,’ എന്നായിരുന്നു പനേസര്‍ പറഞ്ഞത്.

Content Highlight: Former England star Monty Panesar says Rohit Sharma, Dinesh Karthik and R Ashwin’s time is over

We use cookies to give you the best possible experience. Learn more