| Saturday, 12th November 2022, 10:55 pm

വിരാടിനെയും സൂര്യകുമാറിനെയും ആശ്രയിച്ചതാണ് ഇന്ത്യക്ക് ലോകകപ്പ് നഷ്ടപ്പെടാന്‍ കാരണമായത്: മുന്‍ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും.

സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ചുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ഫൈനലിലേക്ക് കുതിച്ചത്. ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിച്ചിരുന്ന ടീമായ ഇന്ത്യയെ തന്നെ തോല്‍പിച്ച് ഫൈനലിലേക്ക് മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്.

ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍. വിരാട് കോഹ്‌ലിയെയും സൂര്യകുമാര്‍ യാദവിനെയും അമിതമായി ആശ്രയിച്ചതാണ് ഇന്ത്യക്ക് വിനയായതെന്നാണ് പനേസര്‍ പറയുന്നത്.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പനേസര്‍ ഇക്കാര്യം പറഞ്ഞത്.

‘വിരാടിനെയും സൂര്യകുമാറിനെയും അമിതമായി ആശ്രയിച്ചത് ഇന്ത്യക്ക് ലോകകപ്പ് നഷ്ടപ്പെടുത്തി,’ താരം പറയുന്നു.

‘ഇന്ത്യ വിരാടിനെയും സൂര്യകുമാറിനെയും അമിതമായി ആശ്രയിച്ചിരുന്നു. അവര്‍ മികച്ച ഫോമിലായിരുന്നു, ഇന്ത്യക്കായി റണ്ണടിച്ചുകൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബാക്കി ബാറ്റര്‍മാരുടെ കാര്യമോ?

കെ.എല്‍. രാഹുല്‍ കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ സ്‌കോര്‍ ചെയ്തു. വലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോഴും അവന്‍ അത്തരത്തില്‍ റണ്‍സ് നേടേണ്ടിയിരുന്നു, എന്നാല്‍ അവനതില്‍ പരാജയപ്പെടുകയാണ് ചെയ്തത്.

ഓപ്പണര്‍മാര്‍ ഇന്ത്യക്കായി ഒരു മികച്ച അടിത്തറ ഒരുക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ത്യക്ക് ഇല്ലാതെ പോയതും അതുതന്നെയാണ്,’ പനേസര്‍ പറയുന്നു.

വിരാടിനും സൂര്യകുമാറിനും എല്ലാ മത്സരത്തിലും ഒരുപോലെ കളിക്കാന്‍ സാധിക്കണമെന്നില്ലെന്നും അതുകൊണ്ടുതന്നെ മറ്റ് ബാറ്റര്‍മാര്‍ റണ്‍സ് നേടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വിരാടിനും സൂര്യക്കും എല്ലാ മാച്ചിലും റണ്‍സ് നേടാന്‍ സാധിക്കില്ല. മറ്റാരെങ്കിലും അവര്‍ക്കൊപ്പം ചേര്‍ന്ന് റണ്‍സ് നേടണമായിരുന്നു. ഇന്ത്യക്ക് മികച്ച ഓപ്പണര്‍മാരെ വേണ്ടിയിരുന്നു. എന്നാല്‍ മറ്റ് ചോയ്‌സുകളൊന്നുമില്ലാത്തതിനാല്‍ രാഹുലിനെ തെരഞ്ഞെടുക്കുകയായിരുന്നു,’ പനേസര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Former England star Monty Panesar says over reliance on Virat Kohli and Suryakumar Yadav cost India the World Cup

We use cookies to give you the best possible experience. Learn more