| Tuesday, 24th September 2024, 9:35 pm

അശ്വിന്‍ ആ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെങ്കില്‍ ഇതിനോടകം തന്നെ അവര്‍ വിരമിക്കാന്‍ ആവശ്യപ്പെടുമായിരുന്നു: മോണ്ടി പനേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയാണ് ഇന്ത്യന്‍ ലെജന്‍ഡ് ആര്‍. അശ്വിന്‍ ചരിത്രമെഴുതിയത്. ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഫൈഫര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. 38 വയസും അഞ്ച് ദിവസവും പ്രായമുള്ളപ്പോഴാണ് അശ്വിന്‍ ബംഗ്ലാദേശിനെതിരെ ഫൈഫര്‍ നേടുന്നത്. ഇന്ത്യന്‍ ലെജന്‍ഡ് വിനൂ മന്‍കാദിന്റെ 69 വര്‍ഷത്തെ റെക്കോഡാണ് താരം തകര്‍ത്തെറിഞ്ഞത്.

എന്നാല്‍ അശ്വിന്‍ ഇംഗ്ലണ്ട് താരമായിരുന്നെങ്കില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തോട് ഇതിനോടകം തന്നെ വിരമിക്കാന്‍ ആവശ്യപ്പെടുമായിരുന്നു എന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ സ്പിന്നര്‍ മോണ്ടി പനേസര്‍.

ഇംഗ്ലണ്ട് എല്ലായ്‌പ്പോഴും പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്നും യുവ താരങ്ങള്‍ക്കായി അശ്വിന് വഴി മാറേണ്ടി വരുമെന്നുമാണ് പനേസര്‍ പറയുന്നത്.

‘അവര്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് മുതിരും. അശ്വിന്‍ ഇംഗ്ലണ്ട് താരമായിരുന്നെങ്കില്‍ ഇതിനോടകം തന്നെ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തോട് വിരമിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. കാരണം മികച്ച പൊട്ടെന്‍ഷ്യലുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എനിക്ക് തോന്നുന്നു ഇംഗ്ലണ്ട് ടീം ഒരുപാട് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്ന്. അവര്‍ അത് ഏറെ ഇഷ്ടപ്പെടുന്നു,’ പനേസര്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

അതേസമയം, രണ്ടാം ഇന്നിങ്‌സില്‍ ഫൈഫര്‍ സ്വന്തമാക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടവും അശ്വിനെ തേടിയെത്തി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചാണ് അശ്വിന്‍ ചരിത്രമെഴുതിയത്.

ഇത് 37ാം തവണയാണ് അശ്വിന്‍ അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഫൈഫര്‍ നേടുന്നത്. സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് അശ്വിന്‍. ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍ മാത്രമാണ് അശ്വിന് മുമ്പിലുള്ളത്.

ടെസ്റ്റില്‍ ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം

(താരം- ടീം – മത്സരം – ഇന്നിങ്‌സ് – ഫൈഫര്‍ എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 133 – 230 – 67

ആര്‍. അശ്വിന്‍ – ഇന്ത്യ – 101 – 191 – 37*

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 145 – 273 – 37

സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി – ന്യൂസിലാന്‍ഡ് – 86 – 150 – 36

അനില്‍ കുംബ്ലെ – ഇന്ത്യ – 132 – 236 – 358

രംഗന ഹെറാത്ത് – ശ്രീലങ്ക – 93 – 170 – 34

അതേസമയം, ഇന്ത്യയുടെ രണ്ടാം ടെസ്റ്റിനുള്ള മുന്നൊരുക്കത്തിലാണ് അശ്വിന്‍. സെപ്റ്റംബര്‍ 27നാണ് മത്സരം. കാണ്‍പൂരാണ് വേദി.

Content highlight: Former England star Monty Panesar about R Ashwin

We use cookies to give you the best possible experience. Learn more