ക്രിക്കറ്റ് വിദഗ്ധര്‍ ഇന്ത്യന്‍ ടീമിനെ തുറന്ന് വിമര്‍ശിക്കാന്‍ മടിക്കുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മൈക്കല്‍ വോണ്‍. അവര്‍ സത്യം പറയാന്‍ മടികാട്ടുകയാണെന്നും അഥവാ അവര്‍ ടീമിനെതിരെ വിമര്‍ശനമുന്നയിച്ചാല്‍ സോഷ്യല്‍ മീഡിയയില്‍ ആക്രണം നേരിടേണ്ടി വരുമെന്ന് കരുതി മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടെലിഗ്രാഫിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ആരും അവരെ വിമര്‍ശിക്കാനോ സത്യം പറയാനോ ആഗ്രഹിക്കുന്നില്ല. കാരണം അവരോട് സത്യം പറയുകയോ തെറ്റ് ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വരുമോ, ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണവര്‍ക്ക്.
പക്ഷേ ഇത് അവരോട് നേരിട്ട് തന്നെ പറയേണ്ട സമയമാണിത്. ഒരുപക്ഷേ അവര്‍ക്ക് അവരുടെ മികച്ച കളിക്കാരുടെ പ്രകടനത്തിന് പിന്നില്‍ ഒളിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കുകയും അവര്‍ ശരിയായ തരത്തില്‍ കളിക്കുകയും ചെയ്യുന്നതാണ് ഏറ്റവും പ്രധാനം.
അവരുടെ ബൗളിങ് ഓപ്ഷനുകള്‍ വളരെ ചെറുതാണ്. അവര്‍ ഡീപ്പായി ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. അവര്‍ക്ക് വേണ്ടത്ര സ്പിന്‍ തന്ത്രങ്ങളും ഇല്ല,’ വോണ്‍ എഴുതി.
50 ഓവര്‍ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇന്ത്യയെന്താണ് നേടിയതെന്ന് ചോദിച്ച വോണ്‍ ടീം ഇപ്പോഴും പഴയ ഫോര്‍മാറ്റിലാണ് കളിക്കുന്നതെന്നും കുറ്റപ്പെടുത്തി.
’50 ഓവര്‍ ലോകകപ്പ് നേടിയതിന് ശേഷം ഇന്ത്യയെന്താണ് ചെയ്തിട്ടുള്ളത്? ഒന്നും തന്നെയില്ല. വര്‍ഷങ്ങളായി ഏറെ പഴക്കമേറിയ തരത്തിലെ വൈറ്റ് ബോള്‍ ഗെയിമാണ് ഇന്ത്യ കളിച്ചുകൊണ്ടിരിക്കുന്നത്,’ വോണ്‍ പറഞ്ഞു.
ടി-20 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് വോണ്‍ ഇക്കാര്യം പറയുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് ക്യപ്റ്റന്‍ ജോസ് ബട്ലര്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഓപ്പണിങ് കൂട്ടുകെട്ട് വീണ്ടും പരാജയമായ മത്സരത്തില്‍ പവര്‍ പ്ലേയില്‍ ഇന്ത്യക്ക് കാര്യമായി സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്‌ലിയും അഞ്ചാമന്‍ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് പൊരുതാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിങ് കരുത്തിന് മുമ്പില്‍ അതൊന്നും പോരാതെ വരികയായിരുന്നു.
പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം തങ്ങള്‍ക്കനുകൂലമാക്കിയിരുന്നു. ഒടുവില്‍ 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് വിജയം പിടിച്ചടക്കുകയായിരുന്നു.