| Tuesday, 26th April 2022, 4:09 pm

അവനെ പുകഴ്ത്താന്‍ എനിക്ക് വാക്കുകള്‍ പോരാതെ വരുന്നു; ജോസ് ബട്‌ലറെ വാനോളം പുകഴ്ത്തി കെവിന്‍ പീറ്റേഴ്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ടീമിലെ ഓരോ താരങ്ങളും തങ്ങളുടെ റോള്‍ കൃത്യമായി നിര്‍വഹിക്കുന്നതിലാണ് രാജസ്ഥാന്‍ ഒരേ സമയം ഫാന്‍ ഫേവറിറ്റും ടൈറ്റില്‍ നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമാവുന്നതും.

ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ വെടിക്കെട്ടോടെയാണ് രാജസ്ഥാന്റെ പൂരത്തിന് തുടക്കമാവുന്നത്. ബട്‌ലറും പടിക്കലും സഞ്ജുവും ഹെറ്റ്‌മേയറും ബൗളിംഗ് നിരയില്‍ അശ്വിനും ചഹലും കൂടെയാകുമ്പോള്‍ അത് സമ്പൂര്‍ണമാകും.

ഇപ്പോഴിതാ, ജോസ് ബട്‌ലറിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. ബട്‌ലറെ പുകഴ്ത്താന്‍ വാക്കുകള്‍ പോരാതെ വരുന്നു എന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ക്ക് വാക്കുകളും വിശേഷണങ്ങളും പോരാതെ വരികയാണ്. ഇതുപോലുള്ള ഇന്നിംഗ്‌സുകള്‍ കാരണം ടാറ്റ ഐ.പി.എല്ലിന്റെ ലെവല്‍ തന്നെ മാറിയിരിക്കുകയാണ്.

കാഴ്ചക്കാരിത് ഇഷ്ടപ്പെടുന്നു, ഞങ്ങളിത് ഇഷ്ടപ്പെടുന്നു, സ്റ്റുഡിയോയിലെ എല്ലാവരും ഇത് ഇഷ്ടപ്പെടുന്നു. അവന്റെ ചില ഷോട്ടുകളൊന്നും തന്നെ കാശ് കൊടുത്താലും വാങ്ങാന്‍ കിട്ടില്ല. നിങ്ങള്‍ക്ക് ചിലപ്പോള്‍ അത് പ്രാക്ടീസ് ചെയ്യാന്‍ പോലും സാധിക്കില്ല.,’ പീറ്റേഴ്‌സണ്‍ പറയുന്നു.

കഴിഞ്ഞ മത്സരത്തില്‍ ബട്‌ലര്‍ അവിശ്വസിനീയമായ പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബട്ലര്‍ അതേ പ്രകടനം തന്നെ തുടരുമെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.

ദല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ ജോസ് ബട്‌ലര്‍ സെഞ്ച്വറി നേടിയിരുന്നു. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോറും ബട്‌ലര്‍ സ്വന്തമാക്കിയിരുന്നു. ബട്‌ലര്‍ നേടിയ 116 റണ്‍സിന്റെ കരുത്തില്‍ 222 എന്ന പടുകൂറ്റന്‍ ടീം ടോട്ടലാണ് രാജസ്ഥാന്‍ ദല്‍ഹിക്ക് മുന്നില്‍ വെച്ചത്.

ഏറ്റവുമധിക റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും ബട്‌ലറിന്റെ പേരില്‍ തന്നെയാണ്. 7 മത്സരത്തില്‍ നിന്നും 491 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.

ഇതിന് പുറമെ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരം ബൗണ്ടറികള്‍ നേടിയ താരം മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ തുടങ്ങിയ ബഹുമതികളെല്ലാം തന്നെ നിലവില്‍ ബട്‌ലറിന്റെ പേരില്‍ തന്നെയാണ്.

Content Highlight: Former England star Kevin Pietersen  praises Jos Buttler
We use cookies to give you the best possible experience. Learn more