| Friday, 8th July 2022, 10:47 pm

കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ കളിച്ചാല്‍ ഇന്ത്യ ഉറപ്പായും തോല്‍ക്കും, കപ്പടിക്കണമെങ്കില്‍ ടി-20 ലോകകപ്പിന് ഇന്ത്യ അവരുടെ ബി ടീമിനെ അയക്കണം: ഇംഗ്ലീഷ് ലെജന്‍ഡ് ഗ്രെയം സ്വാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിന് ഇന്ത്യ അവരുടെ ബി ടീമിനെ അയച്ചാല്‍ മതിയെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയം സ്വാന്‍. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീം മികച്ചതാണെന്നും സീനിയര്‍ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നാല്‍ അത് എതിരാളികള്‍ക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു,

ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമായിരുന്നു ഇന്ത്യന്‍ ടീമിനെ കളിയാക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ കമന്റ്.

‘ഇപ്പോഴുള്ള ടീമിന് ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കാന്‍ സാധിക്കും. ഇതിലേക്ക് മറ്റ് സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാല്‍ അത് ഇംഗ്ലണ്ടിന് ഗുണമാവുമെന്നുറപ്പാണ്. അവര്‍ ഇംഗ്ലണ്ടില്‍ കളിക്കുകയാമെങ്കില്‍, അവരെ ഉറപ്പായും ടീമില്‍ നിന്നും മാറ്റാന്‍ പറയുമായിരുന്നു,’ സ്വാന്‍ പറയുന്നു.

സോണി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യ അവരുടെ ബി ടീമിനെയായിരിക്കണം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിന് അയക്കേണ്ടത്. അവര്‍ ലോകകപ്പ് സുഖമായി നേടും,’ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടി-20യിലും ഇന്ത്യ ടീമില്‍ മാറ്റം വരുത്തരുതെന്നും സ്വാന്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഹീര്‍ ഖാനും സമാന അഭിപ്രായം പറഞ്ഞിരുന്നു. ആദ്യ ടി-20 കളിച്ച അതേ ടീം തന്നെയാവണം ശേഷിക്കുന്ന മത്സരങ്ങളും കളിക്കേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വിരാട് കോഹ്‌ലി, റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരെ ബെഞ്ചിലിരുത്താനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക് ബസ്സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഏത് രീതിയിലാണ് ടീം സെലക്ഷന്‍ നടക്കുക എന്ന കാര്യം ഇരുന്ന് കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചത് നമ്മള്‍ എല്ലാവരും കണ്ടതാണ്.

അവര്‍ പരമ്പരയിലെ മറ്റു മത്സരങ്ങളിലും ഒരു മാറ്റവും വരുത്താന്‍ പോവുന്നില്ല. അവര്‍ പ്ലെയിങ് ഇലവനില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി അഥവാ ഒരു മാറ്റം വരികയാണെങ്കില്‍ അതെന്താണെന്ന് കാത്തിരുന്ന് തന്നെ കാണണം,’ സഹീര്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യ പ്രധാനമായ ഒരു മാറ്റം വരുത്താന്‍ സാധ്യത കാണുന്നുണ്ട്. ആദ്യമായി ഇന്ത്യന്‍ ജേഴ്സിയിലെത്തിയ അര്‍ഷ്ദീപ് സിങ്ങിന് പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമില്‍ ഇടം നേടിയേക്കും.

ശനിയാഴ്ച എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

Content Highlight: Former England Star Graeme Swann says India should send their B team to win ICC T20 World Cup in Australia

We use cookies to give you the best possible experience. Learn more