ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലാ സൗദി പ്രോ ലീഗിലേക്ക് പോയാല്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഗബ്രിയേല്‍ അഗ്‌ബോണ്‍ലഹോര്‍.
സലാ ഈ സീസണ്‍ അവസാനിച്ചാല്‍ സൗദിയിലേക്ക് പോവുമെന്നും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയില്‍ നേടുന്ന വരുമാനത്തിനേക്കാള്‍ കൂടുതല്‍ സലാ നേടുമെന്നുമാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്. ടോക്ക് സ്പോര്‍ട്ടിലൂടെ സംസാരിക്കുകയായിരുന്നു ഗബ്രിയേല്‍.
‘സലാ സൗദിയിലേക്ക് പോവുമെന്ന് എനിക്കറിയാം. അവന്‍ തീര്‍ച്ചയായും പോവുമെന്ന് എനിക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവന്‍ സൗദിയില്‍ റെക്കോഡ് കരാര്‍ സൃഷ്ടിക്കും. സലാ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ സമ്പാദിക്കുമെന്നാണ് ഞാന്‍ കേള്‍ക്കുന്നത്. അവന്‍ അവിടുത്തെ ഫുട്‌ബോളിന്റെ ഫെയ്‌സായി മാറും,’ മുന്‍ ഇംഗ്ലീഷ് താരം പറഞ്ഞു.
ലിവര്‍പൂളിനൊപ്പമുള്ള സലായുടെ കരാര്‍ ഈ സീസണിലാണ് അവസാനിക്കുക. അതുകൊണ്ട് തന്നെ സൗദിയിലെ വമ്പന്‍ ക്ലബ്ബുകള്‍ക്ക് താരത്തെ സ്വന്തമാക്കാന്‍ സാധിക്കും. നേരത്തേ കഴിഞ്ഞ സീസണിലും ലിവര്‍പൂള്‍ സ്‌ട്രൈക്കറെ സ്വന്തമാക്കാന്‍ സൗദിയില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ വന്നിരുന്നു. ഏകദേശം 150 മില്യണ്‍ ഓഫറുകള്‍ സലായെ തേടി സൗദിയില്‍ നിന്നും എത്തിയിരുന്നു. എന്നാല്‍ താരം ലിവര്‍പൂളിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു.
അതേസമയം 2022ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും അല്‍ നസറിലേക്ക് ചേക്കേറിയത്. റൊണാള്‍ഡോയുടെ വരവാടെ സൗദി ലീഗിന് ഫുട്‌ബോളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചിരുന്നു.
റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ പ്രധാന താരങ്ങളെല്ലാം സൗദിയിലേക്ക് കൂടുമാറിയിരുന്നു. നെയ്മര്‍, കരിം ബെന്‍സിമ, സാദിയോ മാനെ, റിയാദ് മെഹറസ് തുടങ്ങിയ ഒരുപിടി മികച്ച താരങ്ങളാണ് റൊണാള്‍ഡോക്ക് പിന്നാലെ സൗദിയിലെത്തിയ മറ്റ് താരങ്ങളില്‍ പ്രധാനികള്‍.
സൗദി പ്രോ ലീഗില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ അല്‍ വെഹ്ദയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയിരുന്നത്. ഈ മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.
ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. നാല് വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി 70 ഗോളുകള്‍ നേടുന്ന ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് പോര്‍ച്ചുഗീസിന്റെ ഇതിഹാസം കാലെടുത്തുവെച്ചത്.
ഇതിനോടകം തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് റൊണാള്‍ഡോ 70ലധികം ഗോളുകള്‍ അടിച്ചുകൂട്ടിയത്.
Content Highlight: Former England Player Talks About the Transfer of Muhammed Salah