ഇതിഹാസതാരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രണ്ടു പതിറ്റാണ്ടുകളായി ഫുട്‌ബോളില്‍ തങ്ങളുടേതായ സ്ഥാനം കെട്ടിപ്പടുത്തിയര്‍ത്തിയവരാണ്. ഇതിഹാസതാരങ്ങള്‍ അവരുടെ ഫുട്ബോള്‍ കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോഴും മികച്ച ഫോമിലാണ് ഇപ്പോഴും കളിക്കുന്നത്.
ഇപ്പോഴിതാ മെസിയും റൊണാള്‍ഡോയും തമ്മിലുള്ള മത്സരങ്ങളെകുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡിനാര്‍ഡ്. മെസിക്കൊപ്പം മത്സരം ഉണ്ടാവുമ്പോള്‍ റൊണാള്‍ഡോ വികാരഭരിതനാകുന്നുവെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്.
മെസിയേയും റൊണാള്‍ഡോയെയും ടെന്നീസ് ഇതിഹാസങ്ങളായ റാഫേല്‍ നദാലുമായും റോജര്‍ ഫെഡററുമായും താരതമ്യപ്പെടുത്തികൊണ്ടും അദ്ദേഹം സംസാരിച്ചു. ഒബി വണ്‍ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇംഗ്ലീഷ് താരം.
‘ഫെഡറും നദാലും ടെന്നീസ് കളിക്കുമ്പോള്‍ ഉണ്ടായിരുന്ന പോലെയാണ് മെസിയും റൊണാള്‍ഡോയും. റൊണാള്‍ഡോ വളരെയധികം വികാരഭരിതനാണ്. അവന്റെ വികാരങ്ങള്‍ എപ്പോഴും കാണാന്‍ സാധിക്കും. രണ്ട് താരങ്ങളിലും ഒരാള്‍ മറ്റൊരാളെ ചിന്തിക്കുന്നില്ല എന്ന് ഞാന്‍ കരുതുന്നില്ല. റൊണാള്‍ഡോ ഇതില്‍ കുറച്ചധികം ചിന്തിക്കുന്നുണ്ട്. എന്നാല്‍ ഇരുവരും പരസ്പരം ഫുട്ബോളില്‍ വളരാന്‍ ഈ കാര്യം ഉപയോഗിച്ചിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ റിയോ ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.
നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തിൽ നേടിയത്.
അതേസമയം ഇന്ന് നടക്കുന്ന സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഹിലാലിനെ നേരിടാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് റൊണാള്‍ഡോയും സംഘവും. സെമി ഫൈനലില്‍ അല്‍ താവൂണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു അല്‍ നസര്‍ ഫൈനലിലേക്ക് മുന്നേറിയത്.
സെമി ഫൈനല്‍ പോരാട്ടത്തില്‍ റൊണാള്‍ഡോ ലക്ഷ്യം കണ്ടിരുന്നു. ടൂര്‍ണമെന്റിലെ റൊണാള്‍ഡോയുടെ ആദ്യ ഗോളായിരുന്നു ഇത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ ഈ ഗോളടിമികവ് കലാശ പോരാട്ടത്തിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Former England Player Talks About Lionel Messi and Cristaino Ronaldo Competition in Football