വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 114 റണ്‍സിന്റെ കൂറ്റന്‍ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ഈ തകര്‍പ്പന്‍ വിജയത്തിനോടൊപ്പം ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ വിടവാങ്ങലിനു കൂടിയായിരുന്നു ലോര്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നീണ്ട 21 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടുകൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ വിരമിച്ചത്.
ഇപ്പോഴിതാ ആന്‍ഡേഴ്‌സന്റെ വിരമിക്കലിനെ ക്കുറിച്ച് സംസാരിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും അമ്പയറുമായ ഡേവിഡ് ലോയ്ഡ്.
ജെയിംസ് ആന്‍ഡേഴ്‌സന് ഇനിയും കളിക്കാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ ടീം മാനേജ്‌മെന്റ് ആന്‍ഡേഴ്‌സനെ പുറത്താക്കുകയായിരുന്നുവെന്നുമാണ് മുന്‍ താരം പറഞ്ഞത്.
‘ ജിമ്മി ആന്‍ഡേഴ്‌സനിന്റെ വിരമിക്കലിനെ കുറിച്ചുള്ള സങ്കടകരമായ കാര്യം എന്തെന്നാല്‍ അവന്‍ എന്നത്തെയും പോലെ തന്നെ ഇപ്പോഴും നന്നായി ബൗളിങ് ചെയ്യുന്നുണ്ട് എന്നതാണ്. ബൗള്‍ ചെയ്യുമ്പോള്‍ കൃത്യത, സ്റ്റാമിന, പേസ് എന്നീ ഗുണങ്ങളെല്ലാം അവന്‍ കാണിച്ചു. ഇപ്പോഴും ആന്‍ഡേഴ്‌സണ്‍ വിക്കറ്റുകള്‍ നില്‍ക്കുന്നുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ആഷസ് അവന്റെ മുന്നില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ഒരു ടീം തന്നെ തെരഞ്ഞെടുക്കണം. പ്രായം കൂടുതലാണെന്ന് കാണിച്ചുകൊണ്ട് അവനെ നിര്‍ബന്ധിച്ചു പുറത്താക്കി,’ ഡേവിഡ് ലോയ്ഡ് തന്റെ കോളത്തില്‍ എഴുതി.
ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുപിടി അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടിനൊപ്പം 158 ടെസ്റ്റ് മത്സരങ്ങളില്‍ പന്തെറിഞ്ഞ ജെയിംസ് 704 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ആന്‍ഡേഴ്‌സന്‍.
ടെസ്റ്റ് ക്രിക്കറ്റിനു പുറമേ മൂന്ന് ഫോര്‍മാറ്റുകളിലുമായി 501 ഇന്നിങ്‌സുകളില്‍ നിന്നും 901 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഈ പരമ്പരയിലെ അവശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ കൂടി കളിക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിരുന്നുവെങ്കില്‍ 1000 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിലേക്ക് നടന്നുകയറാനും ഇംഗ്ലീഷ് ഇതിഹാസ താരത്തിന് സാധിക്കുമായിരുന്നു. വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലായി നാല് വിക്കറ്റുകള്‍ ആണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്.
Content Highlight: Former England player talks about James Anderson Retirement