| Sunday, 15th January 2023, 8:02 am

ചുവന്ന ചെകുത്താന്‍മാര്‍ക്ക് ലോട്ടറിയടിക്കുമോ? 'സൂപ്പര്‍ താരമെത്തും, അവരേക്കാള്‍ മുമ്പ് തന്നെ യുണൈറ്റഡ് കപ്പ് നേടും'

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് യുണൈറ്റഡ് വിജയിച്ചിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെയും ഗോളുകളാണ് ചുവന്ന ചെകുത്താന്‍മാരെ വിജയത്തിലേക്കെത്തിച്ചത്.

നിലവില്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഒറ്റ പോയിന്റ് വ്യത്യാസം മാത്രമാണ് യുണൈറ്റഡിനുള്ളത്.

തുടര്‍ച്ചയായ മത്സര വിജയങ്ങള്‍ക്കൊപ്പം ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നിന്നും നേട്ടം കൊയ്യാനാണ് യുണൈറ്റഡ് ഒരുങ്ങുന്നത്. ഏറെ കാലമായി മാഞ്ചസ്റ്റര്‍ ലക്ഷ്യമിടുന്ന ഹാരി കെയ്ന്‍ ഇത്തവണ ഓള്‍ഡ് ട്രാഫോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സീസണ്‍ അവസാനിക്കുന്നത് വരെ ടെന്‍ ഹാഗ് വോട്ട് വെഗോര്‍സ്റ്റിനെ ലോണില്‍ ടീമിലെത്തിച്ചിട്ടുണ്ടെങ്കിലും അപകടകാരിയായ ഒരു താരത്തെ തന്നെ മുന്നേറ്റ നിരയുടെ താക്കോല്‍ ഏല്‍പിക്കണമെന്ന ടെന്‍ ഹാഗിന്റെ തീരുമാനം കെയ്‌നിനെ റെഡ് ഡെവിളാക്കിയേക്കും.

അതേസമയം, കെയ്ന്‍ മാഞ്ചസ്റ്റിലേക്ക് ചേക്കേറുമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഗബ്രിയേല്‍ അഗ്‌ബോണ്‍ലഹോര്‍. ഫുട്‌ബോള്‍ ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെയ്‌നിന്റെ ഓള്‍ഡ് ട്രാഫോര്‍ഡ് പ്രവേശനത്തെ കുറിച്ച് അഗ്‌ബോണ്‍ലഹോര്‍ പറഞ്ഞത്.

‘നൂറ് ശതമാനവും. ഹാരി കെയ്‌നിനെ സംബന്ധിച്ച് തമാശകളെല്ലാം ഇതിനോടകം തന്നെ അവസാനിച്ചു. അവന്‍ സ്പര്‍സിന് വേണ്ടി എല്ലാം ചെയ്തു, മറ്റുള്ളവരേക്കാള്‍ അധ്വാനിച്ചു.

ചെയ്യേണ്ടതെന്തോ അതിനേക്കാളേറെ ഇതിനോടകം അവന്‍ അവിടെ ചെയ്ത് കഴിഞ്ഞു, അവര്‍ ഒന്നും തന്നെ നേടാന്‍ പോവുന്നില്ല. അവര്‍ ആദ്യ നാലില്‍ പോലും ഫിനിഷ് ചെയ്യാന്‍ പോകുന്നില്ല. അവന്‍ വലിയ വലിയ വിജയങ്ങള്‍ നേടണമെന്ന് ആഗ്രഹമുണ്ട്.

ടോട്ടന്‍ഹാം ഹോട്‌സ്പര്‍സിനേക്കാള്‍ മുമ്പ് പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്താന്‍ പോകുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെയായിരിക്കും. ഹാരി കെയ്ന്‍ പുതിയ കരാറില്‍ ഒപ്പുവെച്ചിട്ടില്ല. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഉറപ്പായും മാഞ്ചസ്റ്ററിലേക്കുള്ള നീക്കവുമായി മുന്നോട്ട് പോവുമായിരുന്നു. അവനും അത് ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്,’ അദ്ദേഹം പറഞ്ഞു.

സീസണില്‍ 26 തവണയാണ് ഹാരി കെയ്ന്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍സിനായി ബൂട്ടുകെട്ടിയത്. 17 ഗോള്‍ നേടുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ 18 മത്സരത്തില്‍ നിന്നും പത്ത് വിജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ഹോട്‌സ്പര്‍സ്. ജനുവരി 15ന് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലുമായിട്ടാണ് സ്പര്‍സിന്റെ അടുത്ത മത്സരം.

Content Highlight: Former England player says Harry Kane will move to Manchester United

Latest Stories

We use cookies to give you the best possible experience. Learn more