അവർ കളംനിറഞ്ഞു കളിച്ചാൽ ഇത്തവണ മാഞ്ചസ്റ്റർ സിറ്റി വീഴും: വമ്പൻ പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം
Football
അവർ കളംനിറഞ്ഞു കളിച്ചാൽ ഇത്തവണ മാഞ്ചസ്റ്റർ സിറ്റി വീഴും: വമ്പൻ പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 1:25 pm

ക്ലബ്ബ് ഫുട്‌ബോളിന്റെ ആവേശം വീണ്ടും ഫുട്‌ബോള്‍ ലോകത്ത് തിരിച്ചെത്തിയിരിക്കുകയാണ്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഓഗസ്റ്റ് 17 മുതലാണ് ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്.

പുതിയ ഇ.പി.എല്‍ സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായി ഇത്തവണത്തെ ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം പോള്‍ സ്‌കോള്‍സ്.

ഈ വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിജയിക്കുക ആഴ്‌സണല്‍ ആയിരിക്കുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം അഭിപ്രായപ്പെട്ടത്. ബി.ഇ.ഐ.എന്നിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫേവറിറ്റുകള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ മാഞ്ചസ്റ്റര്‍ സിറ്റി ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു എന്നാല്‍ അവര്‍ ആഴ്‌സണലിന് തൊട്ടു താഴെയാണ്. ഈ വര്‍ഷം വിജയിക്കുന്ന ടീം ആഴ്‌സണല്‍ ആയിരിക്കുമെന്ന് ഞാന്‍ ഇതിനുമുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്.

മൈക്കല്‍ ആര്‍ട്ടേട്ടക്കൊപ്പം അവര്‍ കഴിഞ്ഞ വര്‍ഷങ്ങളായി പുരോഗമിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈ വര്‍ഷം അവര്‍ക്ക് വിജയിക്കാനുള്ള ശരിയായ സമയമാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ആഴ്‌സണലിന് ഇത് ഒരിക്കലും അത്ര എളുപ്പമായിരിക്കില്ല. ലീഗില്‍ ഒരുപാട് മത്സരങ്ങള്‍ ഉണ്ടാകും. ഇംഗ്ലണ്ടില്‍ മികച്ച ഏഴോ എട്ടോ ടീമുകള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഈ വര്‍ഷം സിറ്റിയെ മറികടക്കുന്ന ടീമായി ആഴ്‌സണല്‍ മാറുമെന്ന് ഞാന്‍ കരുതുന്നു,’ പോള്‍ സ്‌കോള്‍സ് പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയ ലീഗ് കഴിഞ്ഞ നാല് സീസണുകള്‍ ആയി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആധിപത്യമാണുള്ളത്. 2022-23, 2023-24 സീസണുകളില്‍ അവസാന നിമിഷങ്ങളിലാണ് ആഴ്സണലിന് കിരീടം നഷ്ടമായത്. കഴിഞ്ഞ സീസണില്‍ രണ്ട് പോയിന്റുകള്‍ക്കായിരുന്നു പീരങ്കിപ്പടക്ക് കിരീടം നഷ്ടമായത്.

38 മത്സരങ്ങളില്‍ നിന്നും 28 വിജയവും അഞ്ച് വീതം സമനിലയും തോല്‍വിയുമായി 89 പോയിന്റ് നേടി രണ്ടാം സ്ഥാനത്തായിരുന്നു ആര്‍ട്ടേട്ടയും കൂട്ടരും ഫിനിഷ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ ആയിരിക്കും പീരങ്കിപ്പട ലക്ഷ്യമിടുക.

പുതിയ സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായി നടന്ന എമിറേറ്റ്‌സ് കപ്പില്‍ ഫ്രഞ്ച് ക്ലബ്ബായ ലിയോണിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആഴ്‌സണല്‍ കിരീടം ചൂടിയിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഓഗസ്റ്റ് 17ന് വോള്‍വസിനെതിരെയാണ് ഗണ്ണേഴ്‌സിന്റെ ആദ്യ മത്സരം. ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Former England Player Predict The 2025 EPL Champions