ഇംഗ്ലണ്ട് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാമി സ്മിത്തിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം പോള്‍ കോളിങ്‌വുഡ്. ജാമി സ്മിത്തിനെ ‘എന്റര്‍ടെയ്‌നെര്‍’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം. ഇതിന് പുറമേ ജാമി സ്മിത്തിനെ ഓസ്‌ട്രേലിയയുടെ ഇതിഹാസമായ ആദം ഗില്‍ക്രിസ്റ്റുമായി പോള്‍ താരതമ്യപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയും ചെയ്തു.
‘ജാമി സ്മിത്ത് വരുമ്പോള്‍ അത് ഒരു ആവേശമാണ്. അവന്‍ തീര്‍ച്ചയായും ഒരു എന്റര്‍ടെയ്‌നറാണ്. ഓസ്‌ട്രേലിയയുടെ ഗില്‍ക്രിസ്റ്റിനെ ഭാവിയില്‍ അവന്‍ മാറുമെന്ന് കരുതുന്നു. അവന്‍ ഇത്ര കുറച്ചു മത്സരങ്ങളില്‍ നിന്നുതന്നെ അവന്റെ ടെസ്റ്റ് കരിയറില്‍ ചില മികച്ച കഴിവുകള്‍ അവന്‍ കാണിച്ചുതന്നു,’ പോള്‍ കോളിങ്‌വുഡ് പറഞ്ഞു.
ഈ വര്‍ഷമാണ് ഇംഗ്ലണ്ടിന് വേണ്ടി ജാമ്യ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അഞ്ച് മത്സരങ്ങളില്‍ എട്ട് ഇന്നിങ്‌സുകളില്‍ 404 റണ്‍സാണ് ജാമി നേടിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളുമാണ് താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ പ്രകടനമാണ് ജാമി നടത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ജാമി നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 50 പന്തില്‍ 67 റണ്‍സാണ് താരം നേടിയത്. പത്ത് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു.
ഇതിന് ശേഷം ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയാണ് ഇംഗ്ലണ്ട് കളിക്കുക. സെപ്റ്റംബര്‍ 11 മുതല്‍ 29 വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് വീതം ടി-20യും അഞ്ച് വീതം ഏകദിനവുമാണ് പരമ്പരയിലുള്ളത്. ഈ പരമ്പരയില്‍ പരിക്കേറ്റ സൂപ്പര്‍താരം ജോസ് ബട്‌ലര്‍ കളിക്കില്ല. ബട്ലറിന് പകരക്കാരനായി ഇംഗ്ലണ്ട് ടീമിനെ ആരാണ് നയിക്കുക ഫില്‍ സാള്‍ട്ട് ആയിരിക്കും നയിക്കുക.
Content Highlight: Former England Player Praises Jami Smith