ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആര്‍. അശ്വിന്റെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. ബാറ്റെടുത്തപ്പോള്‍ സെഞ്ച്വറിയും പന്തെടുത്തപ്പോള്‍ ഫൈഫറും നേടിയ അശ്വിന്‍ തന്നെയായിരുന്നു കളിയിലെ താരവും.
ഈ ഫൈഫര്‍ നേട്ടത്തിന് പിന്നാലെ തന്റെ അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ 37 ആയി ഉയര്‍ത്താനും ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും അശ്വിന് സാധിച്ചിരുന്നു. സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനൊപ്പമാണ് അശ്വിന്‍ രണ്ടാം സ്ഥാനം പങ്കിടുന്നത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമന്‍.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അശ്വിനേക്കാള്‍ മികച്ച താരമായി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ തരം നഥാന്‍ ലിയോണിനെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മോണ്ടി പനേസര്‍.
‘എനിക്ക് തോന്നുന്നത് നഥാന്‍ ലിയോണാണ് അശ്വിനേക്കാള്‍ മികച്ച സ്പിന്നര്‍ എന്നാണ്. അതെ അവനാണ് മികച്ച ബൗളര്‍. പക്ഷേ ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് വരുമ്പോള്‍ അശ്വിനാണ് മികച്ചത്.
ഒരു ബാറ്ററെ പോലെ ചിന്തിച്ചാണ് ലിയോണ്‍ പന്തെറിയുന്നത്. ബാറ്ററുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനും അത് കൃത്യമായി മുതലാക്കാനും അവന് സാധിക്കും. അതാണ് അവന്റെ ഏറ്റവും വലിയ അഡ്വാന്റേജ്.
അവന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. പന്തെറിയുമ്പോഴാകട്ടെ ബാറ്റര്‍ എന്താണ് ചിന്തിക്കുന്നത് എന്ന് മനസിലാക്കാനും അവന് സാധിക്കും,’ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ പനേസര്‍ പറഞ്ഞു.
നിലവില്‍ ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങളില്‍ ഒന്നാമനാണ് ലിയോണ്‍. അശ്വിനേക്കാള്‍ 28 മത്സരങ്ങള്‍ അധികം കളിച്ച് എട്ട് വിക്കറ്റുകള്‍ അധികം നേടിയാണ് ലിയോണ്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
അതേസമയം, അശ്വിന്‍ ഇംഗ്ലണ്ട് താരമായിരുന്നെങ്കില്‍ ഇ.സി.ബി ഇതിനോടകം തന്നെ താരത്തോട് വിരമിക്കാന്‍ ആവശ്യപ്പെടുമായിരുന്നു എന്നും അഭിമുഖത്തില്‍ പനേസര്‍ അഭിപ്രായപ്പെട്ടു.
‘അവര്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് മുതിരും. അശ്വിന്‍ ഇംഗ്ലണ്ട് താരമായിരുന്നെങ്കില്‍ ഇതിനോടകം തന്നെ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തോട് വിരമിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. കാരണം മികച്ച പൊട്ടെന്‍ഷ്യലുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എനിക്ക് തോന്നുന്നു ഇംഗ്ലണ്ട് ടീം ഒരുപാട് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്ന്. അവര്‍ അത് ഏറെ ഇഷ്ടപ്പെടുന്നു,’ പനേസര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Former England player Monty Panesar says Nathan Lyon is better than R Ashwin