തുടര്‍ച്ചയായ ടെസ്റ്റ് പരമ്പരകള്‍ പരാജയപ്പെട്ടതിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ഉയരുന്നത്. സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനോട് 3-0ന് വൈറ്റ് വാഷ് ചെയ്ത് പരാജയപ്പെട്ട ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1നും പരമ്പര അടിയറവ് വെച്ചു. ഈ പരാജയങ്ങള്‍ക്ക് താരങ്ങളുടെ മോശം ഫോമിനെ മുതല്‍ ടീം സെലക്ഷനെ വരെ ആരാധകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവന്‍ തെറ്റിച്ചത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി വിരാട് തിരിച്ചുവരവിന്റെ പ്രതീതി ജനിപ്പിച്ചെങ്കിലും പിന്നാലെ പാടെ നിരാശപ്പെടുത്തി. ഓസീസ് ഒരുക്കിയ ഓഫ് സൈഡ് ട്രാപ്പില്‍ ഓരോ തവണയും വിണ് വിരാട് വിക്കറ്റ് വലിച്ചെറിഞ്ഞു.
ഇപ്പോള്‍ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്. വിരാടിന്റെ പ്രൈം കാലഘട്ടം കടന്നുപോയെന്ന് അഭിപ്രായപ്പെട്ട ലോയ്ഡ് ഇക്കാര്യം ഇന്ത്യയുടെ സെലക്ടര്‍മാര്‍ അംഗീകരിക്കണമെന്നും പറയുന്നു.
‘തന്റെ സമയം കടന്നുപോയെന്ന് വിരാട് കോഹ്‌ലിക്ക് നന്നായി അറിയാം, അത് അവനെ അലട്ടുകയും ചെയ്യും. അവന്‍ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തുകയാണെങ്കില്‍ ആതിഥേയര്‍ ഓഫ് സൈഡില്‍ തന്നെ പന്തെറിഞ്ഞുകൊണ്ടിരിക്കും.
നമ്മള്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട്. എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിച്ചു, അവന്‍ ഒന്നുമല്ലാതായി. വിരാടിന്റെ കരിയര്‍ അവസാനിച്ചു എന്ന് ഗൗതം ഗംഭീറിന് അറിയാം. ഡ്രസ്സിങ് റൂമിന്റെ ഭാഗമെന്ന നിലയില്‍ ഇതില്‍ ഗംഭീര്‍ ഒരു പ്രധാന റോള്‍ തന്നെ നിര്‍വഹിക്കണം.
അവന്റെ നല്ല സമയം ഇതിനോടകം തന്നെ കടന്നുപോയി. മുന്‍ താരങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും നിര്‍ദേശിച്ചാലും അവന് ഓഫ് സ്റ്റംപിന് പുറത്തെ പ്രശ്‌നങ്ങള്‍ ഇനിയൊരിക്കലും പരിഹരിക്കാനാകില്ല. എത്ര മികച്ച രീതിയില്‍ ശ്രമിച്ചാലും അവന് അത് പരിഹാരം കണ്ടെത്താന്‍ സാധിക്കില്ല.
നിങ്ങള്‍ സ്ഥിരമായി വിക്കറ്റ് കീപ്പര്‍ക്കോ സ്ലിപ്പിനോ ക്യാച്ച് നല്‍കി പുറത്താവുകയാണെങ്കില്‍ നിങ്ങളുടെ റിയാക്ഷനും റിഫ്‌ളക്‌സും അവസാനിച്ചു എന്ന് മനസിലാക്കാന്‍ ഇത് ധാരാളമാണ്,’ ലോയ്ഡ് പറഞ്ഞു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിക്ക് ഇനി അവസരം ലഭിച്ചാല്‍ വിരാടിനെ ഒരിക്കലും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കരുതെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.
‘സെലക്ടര്‍മാര്‍ പുതിയ താരങ്ങളെ കണ്ടെത്തേണ്ട സമയമായിരിക്കുന്നു, പുതിയ സച്ചിനെയും ദ്രാവിഡിനെയും ഗാംഗുലിയെയും ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു,’ ലോയ്ഡ് അഭിപ്രായപ്പെട്ടു.
Content Highlight: Former England player David Lloyd slams Virat Kohli