എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ലിമിറ്റഡ് ഓവര്‍ പരമ്പരയ്ക്കിറങ്ങുകയാണ്. മൂന്ന് ടി-20യും അത്രതന്നെ ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇനി ബാക്കിയുള്ളത്.
ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെ സംബന്ധിച്ച് പുതിയ ഉത്തരവാദിത്തമേറ്റടുത്തതിന് പിന്നാലെയുള്ള ആദ്യ പരമ്പരയാണിത്. അതിനാല്‍ തന്നെ ഇന്ത്യയ്‌ക്കെതിരെ ജയിച്ച് ലോകചാമ്പ്യന്‍മാരുടെ കരുത്ത് കാട്ടാനാവും ബട്‌ലറും സംഘവും ശ്രമിക്കുന്നത്.
ബാറ്റിങ്ങിന് അനുകൂലമായ റോസ് ബൗളിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. അതിനാല്‍ തന്നെ ഇംഗ്ലീഷ് പടയെ ആക്രമിച്ചുകളിക്കുന്ന ബൗളര്‍മാരെ തന്നെയാവണം ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തേണ്ടത്.
ഇപ്പോഴിതാ, ഇന്ത്യന്‍ ടീമിലെ പേസ് സെന്‍സേഷനായ ഉമ്രാന്‍ മാലിക്കിനെ പ്രശംസകൊണ്ട് മൂടുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഡാരന്‍ ഗോഫ്. 150 കിലോമീറ്ററിന് മുകളില്‍ പന്തെറിയുന്ന ഒരാളുണ്ടെങ്കില്‍ മറിച്ചൊന്നും ചിന്തിക്കാതെ അവനെ ടീമിലെടുക്കണമെന്നും ഗോഫ് പറയുന്നു.
ഇംഗ്ലണ്ട് ടീമിന് ഉമ്രാന്‍ മാലിക്കിനെ പോലെ ഒരു താരത്തെയാണ് വേണ്ടതെന്നും ഗോഫ് പറയുന്നു.
‘അവന്‍ കളിക്കണം. 95 മൈല്‍ വേഗതയില്‍ പന്തെറിയുന്ന എത് താരത്തെയും മറിച്ചൊന്നും ചിന്തിക്കാതെ ടീമിലെടുക്കണമെന്നാണ് എന്റെ അഭിപ്രായം.
ഇതുവരെ ഇംഗ്ലണ്ടിന് കണ്ടെത്താന്‍ സാധിക്കാത്തതും അതുപോലെ ഒരു താരത്തെയാണ്. നമുക്കുള്ളത് വുഡ് ആണ്. പിന്നെയുള്ള ജോഫ്രാ ആര്‍ച്ചറിന് പരിക്കേറ്റിരിക്കുകയാണ്’ മുന്‍ ഇംഗ്ലീഷ് പേസര്‍ പറയുന്നു.
ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് കശ്മീര്‍ എക്‌സ്പ്രസിനെ നീലക്കുപ്പായത്തിലേക്കെത്തിച്ചത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലായിരുന്നു താരം ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയത്. എന്നാല്‍ പരമ്പരയില്‍ താരം ബെഞ്ചില്‍ തുടരുകയായിരുന്നു.
എന്നാല്‍, തുടര്‍ന്ന് വന്ന ഇന്ത്യ – അയര്‍ലന്‍ഡ് പരമ്പരയില്‍ കളിച്ചെങ്കിലും മികച്ച പ്രകടനമല്ലായിരുന്നു താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
രണ്ട് മത്സരത്തില്‍ നിന്നം ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. 11 റണ്ണിന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി-20 പരമ്പരയില്‍ താരത്തിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്റിങ്ങിന് അനുകൂലമായ റോസ് ബൗളില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെ ഉമ്രാന്റെ വേഗത കൊണ്ട് മറികടക്കാമെന്നാവും ഇന്ത്യ കണക്ക് കൂട്ടുന്നത്.