| Monday, 20th February 2023, 8:13 pm

ഓസീസിനെതിരെ ആഷസ് എളുപ്പത്തില്‍ ജയിക്കാം, എന്നാല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനെക്കൊണ്ട് അത് നടക്കൂല: ഇംഗ്ലണ്ട് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റിന് പുതിയ ഭാവുകത്വം സൃഷ്ടിച്ചുകൊണ്ടാണ് ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് തരംഗമാവുന്നത്. നേരിടുന്ന ഓരോ പന്തും ആക്രമിച്ചു കളിക്കുന്ന ബാസ്‌ബോള്‍ സമീപനം ടെസ്റ്റിന്റെ വിരസതയെ മാറ്റുന്നതാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ഇംഗ്ലണ്ടിന്റെ ഈ ആക്രമണ ശൈലി സമീപകാലത്തെ എല്ലാ മത്സരത്തിലും പ്രകടമായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കണ്ടത്.

267 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ തോല്‍പിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ത്രീ ലയണ്‍സിനായി. കോച്ച് മക്കെല്ലത്തിമനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും കീഴില്‍ കളിച്ച 11 മത്സരത്തിലെ പത്താം വിജയം കൂടിയായിരുന്നു ഇത്.

ഈ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആഷസ് വിജയിക്കുന്നതാണോ ഇന്ത്യക്കെതിരെ വിജയിക്കുന്നതാണോ ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനും കടുപ്പമേറിയതാവുക എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.

ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വെച്ച് വിജയിക്കുക എന്നതാണ് ആഷസ് വിജയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ കടമ്പ എന്നാണ് അദ്ദേഹം പറയുന്നത്.

‘ആഷസ് എന്നത് ഇഞ്ചേടിഞ്ച് മത്സരമായിരിക്കും. 2001 മുതല്‍ ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ടില്‍ ഒരു പരമ്പര പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വെച്ച് വിജയിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ആഷസ് വിജയിക്കാന്‍,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

ഇന്ത്യന്‍ പിച്ചുകളില്‍ ത്രീ ലയണ്‍സിന്റെ ആക്രമണോത്സുക ബാറ്റിങ് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന കാര്യം സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് താരങ്ങളെ കളിക്കളത്തില്‍ സ്വതന്ത്രമായി വിടുന്ന മക്കെല്ലത്തിന്റെ രീതിയെ അഭിനന്ദിച്ച അദ്ദേഹം ശരിയായ സമയത്താണ് ഇംഗ്ലണ്ടിന്റെ കോച്ചായി എത്തിയതെന്നും പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ വമ്പന്‍ മാര്‍ജിനിലായിരുന്നു ത്രീ ലയണ്‍സ് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 325 റണ്‍സ് എന്ന നിലിയില്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടിലിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 306 റണ്‍സ് നേടി.

19 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് 374 റണ്‍സ് നേടി. വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ക്ക് 126 റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.

ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇംഗ്ലണ്ടിനായി. ഫെബ്രുവരി 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. വെല്ലിങ്ടണിലെ ബേസിന്‍ റിസേര്‍വിലാണ് മത്സരം.

Content highlight: Former England captain Nasser Hussain says winning India against in India is tougher than winning Ashes

Latest Stories

We use cookies to give you the best possible experience. Learn more