കഴിഞ്ഞ ദിവസമായിരുന്നു ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പരമ്പര നേടിയതിന് ശേഷമാണ് ഇന്ത്യ മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടത്.
17 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 215 റണ്‍സിന്റെ റണ്‍മല ഇന്ത്യയുടെ മുമ്പില്‍ വെച്ചപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 198ല്‍ അവസാനിച്ചു.
ഇപ്പോഴിതാ, രോഹിത് ശര്‍മ നയിക്കുന്ന ടീമിന് ഐ.സി.സിയുടെ എല്ലാ വൈറ്റ് ബോള്‍ ഫോര്‍മാറ്റ് കിരീടങ്ങളും നേടാന്‍ സാധിക്കുമെന്ന് തുറന്നുപറയുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. രോഹിത് ശര്‍മയുടെ ടീം സ്‌റ്റേബിളാണെന്നും വേള്‍ഡ് കപ്പ് വിന്നിങ് ക്വാളിറ്റിയുണ്ടെന്നും അദ്ദേഹം പറയുന്നു.
‘രോഹിത് നയിക്കുന്ന ഇന്ത്യന്‍ ടീം എല്ലാ വൈറ്റ് ബോള്‍ ലോകകപ്പുകളുടെയും ഫൈനലില്‍ പ്രവേശിക്കും. അതിനുള്ള ക്വാളിറ്റി അവര്‍ക്കുണ്ട്,” എന്നായിരുന്നു നാസര്‍ ഹുസൈന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയായിരുന്നു ആദ്യം പരാജയപ്പെട്ടത്. ടീം സെലക്ഷനിലെ പോരായ്മ ബാറ്റിങ്ങിലും പ്രതിഫലിച്ചതോടെ ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ എക്സ്പീരിയന്‍സ്ഡ് ആയ ബൗളര്‍മാര്‍ ഇല്ലാത്തത് മുതലെടുക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് ബാറ്റര്‍മാര്‍ നടത്തിയത്. ആവേശ് ഖാനെയും ഉമ്രാന്‍ മാലിക്കിനേയും അവര്‍ നിലം തൊടാതെ പറത്തി. കൂട്ടത്തില്‍ മികച്ചു നിന്നത് രവി ബിഷ്ണോയിയും ഹര്‍ഷല്‍ പട്ടേലും മാത്രമാണെന്ന് പറയാം.
39 പന്തില്‍ നിന്നും 77 റണ്‍സുമായി മലന്‍ കളം നിറഞ്ഞാടിയപ്പോള്‍ അഞ്ചാമനായി ഇറങ്ങിയ ലിയാം ലിവിങ്സ്റ്റണും മോശമാക്കിയില്ല. 29 പന്തില്‍ നിന്നും താരം 42 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് അണ്‍ബീറ്റണ്‍ സ്‌കോറിലേക്കുയര്‍ന്നു. നിശ്ചിത ഓവര്‍ പിന്നിട്ടപ്പോള്‍ 215 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം.
കഴിഞ്ഞ മത്സരത്തില്‍ കത്തിക്കയറിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടത് മുതല്‍ ഇന്ത്യ വിറച്ചുതുടങ്ങി. 12 പന്തില്‍ നിന്നും 11 റണ്‍സുമായി രോഹിത് ശര്‍മയും അഞ്ച് പന്തില്‍ നിന്നും ഒരു റണ്‍ മാത്രം നേടി റിഷബ് പന്തും പുറത്തായപ്പോള്‍ പിന്നാലെയെത്തിയ വിരാട് 6 പന്തില്‍ നിന്നും 11 റണ്‍സുമായി പുറത്തായി.
എന്നാല്‍ പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് കത്തിക്കയറിയതോടെ ഇന്ത്യ വിജയത്തിലേക്കടുത്തു. 55 പന്തില്‍ നിന്നും 117 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ സൂര്യകുമാറും പുറത്തായതോടെ ഇന്ത്യന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.